തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

By :  Devina Das
Update: 2026-04-22 06:16 GMT

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതം നൽകാനും ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ ചികിത്സയുടെ ചെലവുകൾ സർക്കാർ വഹിക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തും. തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം മന്ത്രിസഭായോ​ഗത്തിന് ശേഷം മന്ത്രിമാരായ കെ രാജൻ, വിഎൻ വാസവൻ എന്നിവർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആർഎഫിൽ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തിൽ നേരത്തെ മജിസ്റ്റീരിയൽ അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ആർഡിഒയെ അന്വേഷണത്തിന് ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയിരുന്നു.അതിനു പകരം ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ ഇരു ദേവസ്വങ്ങളുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റേയും തീരുമാനങ്ങൾ കൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് ധാരണ. പൂരത്തിന്റെ കാര്യത്തിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുക്കില്ല. പൂരം നടത്തിപ്പ് ആലോചിക്കാനായി മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

Similar News