"കസേരകളിക്ക് സാക്ഷ്യം വഹിച്ചു ആരോഗ്യവകുപ്പ് ആസ്ഥാനം ;'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ മടങ്ങി റീന
തിരുവനന്തപുരം: കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ തെരുവ് യുദ്ധത്തിന് സമാനമായ തർക്കവും നാടകീയ രംഗങ്ങൾക്കും സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനം സാക്ഷിയായി . എന്ത് സംഭവിച്ചാലും താൻ ഇരിക്കുന്ന ഔദ്യോഗിക കസേര വിട്ടുകൊടുക്കില്ലെന്ന കർശന നിലപാടിൽ താല്ക്കാലിക ചുമതലയുള്ള ഡോ. മീനാക്ഷി ഉറച്ചുനിന്നതോടെ, യഥാർത്ഥ ഉത്തരവുമായി ഔദ്യോഗികമായി ചുമതലയേൽക്കാനെത്തിയ ഡോ. റീനയ്ക്ക് സീറ്റിലിരിക്കാനാകാതെ നിരാശയോടെ മടങ്ങേണ്ടി വന്നു.കോടതി വിധിയുമായി ചുമതല ഏറ്റെടുക്കുന്നതിനായി റീന ഓഫീസിൽ എത്തിയപ്പോഴാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഉലച്ച നാടകീയ സംഭവങ്ങളുടെ തുടക്കം. എന്നാൽ നിലവിൽ താല്ക്കാലിക ചുമതലയുള്ള മീനാക്ഷി ചുമതല വിട്ടു നൽകാൻ ഒരുക്കമായിരുന്നില്ല.
ചുമതല കൈമാറാൻ ഉയർന്ന അധികാരികളിൽ നിന്നും തനിക്ക് ഔദ്യോഗികമായ യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും, അതുകൊണ്ട് തന്നെ സീറ്റ് വിട്ടുതരില്ലെന്നും മീനാക്ഷി വ്യക്തമാക്കുകയായിരുന്നു. ഇതോടെ കസേരയ്ക്ക് അവകാശവാദമുന്നയിച്ച് ഇരു ഉദ്യോഗസ്ഥരും തമ്മിൽ ഓഫീസിനുള്ളിൽ വെച്ച് കടുത്ത വാഗ്വാദമാണ് ഉണ്ടായത്.മറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ പൊതുജനങ്ങളും നോക്കിനിൽക്കെയായിരുന്നു കേരള ആരോഗ്യവകുപ്പിന്റെ തലപ്പത്ത് ഈ അസാധാരണമായ കസേരക്കളി അരങ്ങേറിയത്. ഓഫീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും തങ്ങളുടെ നിലപാടുകളിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകാൻ തയ്യാറായില്ല.