പരിസ്ഥിതി സൗഹൃദം പ്രോത്സാഹനം ;ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പത്തുലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിൽ അഞ്ചു ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ എട്ടു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.ഇതിൽ പത്തുമുതൽ പതിനഞ്ച് ലക്ഷം രൂപ വരെ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയിൽ മാറ്റം ഉണ്ടാവില്ല. അഞ്ചു ശതമാനമായി തന്നെ തുടരും. അതേസമയം 40 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കും. മറ്റു നികുതി നിരക്കുകളിൽ മാറ്റമില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. 50 ശതമാനം പിഴ മാത്രം അടച്ച് ഇ- ചെല്ലാനുകൾ തീർപ്പാക്കുന്നതിനായി ഇ- ചെല്ലാൻ ആംനസ്റ്റി പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.