കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള ഗുണനിലവാരവും ബ്രാന്‍ഡിങും;'ബ്രാന്‍ഡ് കേരളം' ബഡ്ജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം: കേരളീയ ഉൽപ്പന്നങ്ങൾക്ക്ആഗോള വിപണിയിൽ മികച്ച ഗുണനിലവാരവും ബ്രാൻഡിങും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ വിപണി വികസന സംരംഭമായ 'ബ്രാൻഡ് കേരളം' ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഓരോ മലയാളിയെയും കേരളത്തിന്റെ മികച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് പ്രേരിപ്പിക്കുംവിധം അഭിലഷണീയ മൂല്യം പ്രദാനം ചെയ്യുന്നതായിരിക്കണം ഇവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ആയുർവേദ കൂട്ടുകൾ, കശുവണ്ടി, കയർ എന്നി കേരളീയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ലോക പ്രശസ്തമാണ്. എന്നിരുന്നാലും അവ പലപ്പോഴും ആഗോള വിപണികളിൽ ഇടനിലക്കാരുടെ ലേബലുകളിലാണ് എത്തുന്നത്. ഇതുവഴി കേരളത്തിലെ ഉൽപ്പാദകർക്ക് അർഹിക്കുന്ന മൂല്യം ലഭിക്കാതെ വരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ബ്രാൻഡ് കേരളം എന്ന സംരംഭം എന്നും മുഖ്യമന്ത്രി പറഞ്ഞു.ഗുണനിലവാരവും ആധികാരികതയും ഉറപ്പുനൽകുന്ന ഒരു സർട്ടിഫിക്കേഷൻ ചട്ടക്കൂടായ കേരള മാർക്ക് വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി ഒരു പ്രത്യേക സംവിധാനം ഉണ്ടാകും. ഈ സർട്ടിഫിക്കേഷൻ ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ആഭ്യന്തര- അന്തർദേശീയ വിപണികളിലുടനിളം കേരളത്തിലെ ഉൽപ്പാദകർക്ക് വിപണിയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുകയും ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.