കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം ;രണ്ടുമരണം

By :  Devina Das
Update: 2026-04-25 07:19 GMT

ചെന്നൈ: കമ്പത്തെ പടക്കനിർമ്മാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടം പൂർണമായി തകർന്ന നിലയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസൽ റോഡിൽ പ്രവർത്തിക്കുന്ന ലക്ഷ്മി പടക്ക നിർമ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികൾ പതിവുപോലെ ഫാക്ടറി തുറക്കുന്നതിന് എത്തിയ സമയത്താണ് അപകടം ഉണ്ടായത്.അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടർ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. നാലുപേരാണ് ഷട്ടർ തുറക്കാൻ എത്തിയത്. ഇതിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുവർഷം മുൻപാണ് സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കാരണം പടക്കനിർമ്മാണശാലയ്ക്ക് രണ്ടു ദിവസം അവധിയായിരുന്നു. ഇന്ന് പതിവ് പോലെ പടക്കനിർമ്മാണ ശാല തുറക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചൂട് കാരണമോ ഷട്ടർ തുറന്നപ്പോൾ ഉണ്ടായ സ്പാർക്ക് കാരണമോ ആകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുൻപാണ് മറ്റൊരു ദുരന്തം കേരള- തമിഴ്‌നാട് അതിർത്തിയിൽ സംഭവിച്ചത്.

Similar News