ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ;ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ നിർദേശം നൽകിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്നുപറന്നത്.കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റർ ഉയരത്തിൽവരെ ഹെലികോപ്റ്റർ താഴ്ന്നുപറന്നിരുന്നു. നാലുപേർ കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കൻഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.
അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കൽ വരെയുള്ള പ്രദേശങ്ങളും. ഇവിടേക്ക് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ എന്തിനെത്തി എന്നതടക്കം പരിശോധിക്കുന്നുണ്ട്. സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നുമാണ് കോസ്റ്റ്ഗാർഡ് വിശദീകരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ പറക്കൽ നടത്താറുണ്ട്. കാലാവസ്ഥ മോശമായതിനാലാണ് ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്റ്റർ പറന്നത്. കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ ഹെലികോപ്റ്റർ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി.