കന്യാകുളങ്ങരയില്‍ പട്ടാപ്പകല്‍പ്രണയപ്പകയില്‍ 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു ; പ്രതി പിടിയില്‍
തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയപകയിൽ പട്ടാപ്പകൽ 16കാരിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവ സ്ഥലത്ത് കാറിലെത്തിയ പ്രതി പെൺകുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്ന ശേഷമാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ പ്ലസ് ടു വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ പ്രതി സഹദിനെ പൊലീസ് പിടികൂടി.
പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മണിയോടെ ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായാണ് പെൺകുട്ടി വീടിന് പുറത്തിറങ്ങിയത്. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന് സഹദ് പെൺകുട്ടിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും പരിക്കേറ്റു. കുത്തേറ്റ പെൺകുട്ടി ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. രക്തം വാർന്ന നിലയിൽ പെൺകുട്ടി ഓടുന്നത് കണ്ട പ്രദേശവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കൃത്യം നടത്തിയ ശേഷം സഹദ് കാറിൽ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുടർന്ന് കാറുപേക്ഷിച്ചു. മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്തു. ബന്ധുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് സഹദിനെ പിടികൂടിയത്.പലതവണ സഹദ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പെൺകുട്ടി ഇത് നിരസിച്ചുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ കുത്തിയതെന്നും പൊലീസ് പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സഹദ്.