ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച ;28 കോടിയുടെ നഷ്ടം ;അന്വേഷണം പ്രഖ്യാപിച്ചു മന്ത്രി
തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച ; അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയാണ് എക്‌സൈസ് മന്ത്രി. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാൻ ഉത്പാദനത്തെ ബാധിച്ചത് .മദ്യ നിർമ്മാണ പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാൻ വൈകിയത് അന്വേഷിക്കാൻ മന്ത്രി എം ലിജു നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ടെൻഡറുകൾ ഉടൻ വിളിക്കാനും മദ്യ ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. ജവാൻ മദ്യത്തിന്റെ ഉത്പാദനം പുനഃരാരംഭിക്കാത്തതിനാൽ അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായത്.
ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്നമായതെന്നാണ് റിപ്പോർട്ട്.ബെവ്കോ എംഡി എം ആർ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെൻഡർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ടിഎസ് സിഎൽ മാനേജർ നാലുതവണ എംഡിക്ക് കത്ത് നൽകിയതായാണ് വിവരം. എന്നാൽ ട്രാവൻകൂർ ഷുഗേഴ്സിൽ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നാണ് സിഎംഡി എം ആർ അജിത് കുമാർ പറയുന്നത്.