വയനാട് ടൗണ്‍ഷിപ്പ് സന്ദർശനവിവാദം;റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

By :  Devina Das
Update: 2026-03-09 09:47 GMT

വിവാദങ്ങൾക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി. വയനാട് ടൗൺഷിപ്പ് സന്ദർശത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് നടൻ റഫീഖിനെ വിളിച്ചത്. റഫീഖിനെ അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിച്ചു.സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞതായാണ് വിവരം.

അതേസമയം വിവാദത്തിൽ റഫീഖും മമ്മൂട്ടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വയനാട് ടൗൺഷിപ്പ് സന്ദർശിക്കാനായി മമ്മൂട്ടിയെത്തിയത്. കെ റഫീഖും സംഭവസമയത്തുണ്ടായിരുന്നു. ടൗൺഷിപ്പ് മമ്മൂട്ടിയെ നടന്ന് കാണിക്കുന്നതിനിടെയാണ് റഫീഖിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത്.''നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കു വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ'' എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. ഈ വിഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് നടൻ റഫീഖിനെ ഫോണിൽ വിളിക്കുന്നത്. വിഡിയോ കോളിലൂടെയാണ് റഫീഖുമായി മമ്മൂട്ടി സംസാരിച്ചതെന്നാണ് വിവരം.

Similar News