വിജയ് - സംഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക് ?വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തു
നടൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ടീം ശ്രമം നടത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിർദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരുകക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സജീവ രാഷ്ട്രീയത്തിലേക്കു കടന്ന വിജയ് തന്റെ കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനും വിഷയം സ്വകാര്യമായി സൂക്ഷിക്കാനും ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് വിവരം. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20 ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഇതിന് കാരണമെന്നും ഹർജിയിൽ സംഗീത ആരോപിച്ചിട്ടുണ്ട്. 1954 ലെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. 1999 ഓഗസ്റ്റ് 25 നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്.വിജയ്‌യുടെ മക്കൾ നിലവിൽ സംഗീതയ്ക്കൊപ്പമാണ് താമസം. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ ചർച്ചയായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, സംഗീത ഹർജി പിൻവലിച്ചിട്ടില്ല.