തിയേറ്ററുകളിൽ നിറഞ്ഞോടി വാഴ 2 ;150 കോടി കടന്നു
തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് വാഴ 2. ബോക്‌സ് ഓഫീസിൽ വൻഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടി കടന്നിരിക്കുകയാണ് .ആദ്യ ഭാഗത്തേക്കാൾ വളരെ വലിയ വിജയമായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗം. ഇതിനിടെ ആരാധകർക്ക് ആവേശം പകരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് വിപിൻ ദാസ്.വാഴയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്നാണ് വിപിൻ ദാസ് അറിയിച്ചിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകൾ കാണിക്കുന്ന ചിത്രമാണ് വിപിൻ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യ ഭാഗവും രണ്ടാം ഭാഗവും വൻ വിജയങ്ങളാക്കി മാറ്റിയ സംഘത്തിൽ നിന്നും മൂന്നാം ഭാഗവുമെത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്.സോഷ്യൽ മീഡിയ താരങ്ങളെ വച്ചായിരുന്നു ആദ്യ രണ്ട് ഭാഗങ്ങളുമൊരുക്കിയത്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്.
ഇവരുടെ പ്രകടനങ്ങളും സവിൻ സയെന്ന പുതുമുഖ സംവിധായകന്റെ അരങ്ങേറ്റവും കയ്യടി നേടുമ്പോഴാണ് മൂന്നാം ഭാഗവും വരുന്നുവെന്ന വാർത്തയുമായി തിരക്കഥാകൃത്തും നിർമാതാവുമായ വിപിൻ ദാസ് എത്തുന്നത്.ആരൊക്കെയായിരിക്കും വാഴ 2ൽ ഉണ്ടാവുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പുതിയ താരങ്ങളെ അവതരിപ്പിക്കുകയാണോ അതോ ഇതുവരെ കണ്ടവരെ വച്ച് തന്നെ തുടർച്ചയൊരുക്കുകയാണോ ചെയ്യുകയെന്നതും കണ്ടറിയണം. എന്തായാലും വാഴ 2 150 കോടിയും കടന്ന് മുന്നോട്ട് പോകുമ്പോൾ മൂന്നാം ഭാഗം വരുന്നുവെന്ന വാർത്ത ആരാധകർക്ക് പകരുന്നതാണ്.ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരാണ് വാഴ 2വിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇവർക്കൊപ്പം ബിജുക്കുട്ടൻ, സുധീഷ്, വിജയ് ബാബു, അൽഫോൺസ് പുത്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെറും ഏഴ് ദിവസം കൊണ്ടായിരുന്നു വാഴ 2 100 കോടി ക്ലബ്ബിലെത്തിയത്.