വിരോഷ് വിവാഹസത്ക്കാരത്തിന് ചെരുപ്പിടാതെ എത്തി റാം ചരൺ, വൈറലായി ചിത്രങ്ങൾ
താരനിബിഡമായി വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹസത്ക്കാരം. തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി പ്രമുഖർ നവദമ്പതികളെ ആശിർവദിക്കാൻ എത്തിയിരുന്നു. ബുധനാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹസത്ക്കാരം നടന്നത്. റിസപ്ഷനെത്തിയ താരങ്ങളിൽ എല്ലാവരുടെയും കണ്ണുടക്കിയത് നടൻ റാം ചരൺ തേജയിലേക്കായിരുന്നു. അദ്ദേഹത്തിന്റെ ലുക്ക് ആയിരുന്നു അതിന് കാരണം.കറുപ്പ് വസ്ത്രങ്ങളണിഞ്ഞ്, താടിയും മുടിയും നീട്ടി വളർത്തിയ റാം ചരൺ അത്യാഢംബരം നിറഞ്ഞ വിവാഹ സത്ക്കാരത്തിനെത്തിയത് ചെരിപ്പിടാതെയായിരുന്നു. ഭാര്യ ഉപാസന കാമിനേനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശബരിമലയ്ക്ക് പോകാൻ വ്രതമെടുക്കുന്നതിനാലാണ് അദ്ദേഹം അതീവ ലളിതമായി വിവാഹ സൽക്കാരത്തിനെത്തിയത്.ഈയിടെ നടൻ അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷനും ഇതേ രീതിയിൽ റാം ചരൺ എത്തിയിരുന്നു. അടുത്തിടെയാണ് റാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നത്. 'ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമായി. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി' എന്നാണ് ഇതേക്കുറിച്ച് റാം ചരൺ അന്ന് പ്രതികരിച്ചത്.ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധി എന്ന ചിത്രമാണ് റാം ചരണിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.