ചത്താ പച്ച'യിൽ മമ്മൂട്ടിക്കു പിന്നാലെ മോഹൻലാലും

By :  Devina Das
Update: 2026-01-20 10:03 GMT

ചത്താ പച്ചയിൽ‌ നടൻ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്ന വാർത്ത വൻ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമാ പ്രേക്ഷകർക്ക് മറ്റൊരു സർപ്രൈസുമായെത്തിയിരിക്കുകയാണ് ചത്താ പച്ചയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മോഹൻലാൽ സിനിമയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.

ഇതോടെ എം ടൗണിലെ 'ബിഗ് എം' സ് ചത്താ പച്ചയുടെ വാർത്തകളിൽ നിറയുകയാണ്. താരം സിനിമയ്ക്ക് പിന്തുണ അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ വിഡിയോ തരംഗമായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട 'സുഹൃത്തും' ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് വിഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്.

മലയാള സിനിമ എന്നും ആഘോഷിക്കുന്ന ആ വലിയ സൗഹൃദം ദൃശ്യമായപ്പോൾ അത് പ്രേക്ഷകരിലും വലിയ ആവേശം പകർന്നു. ജനുവരി 22-ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ബുക്കിങ് ഇതിനോടകം തന്നെ സജീവമായിക്കഴിഞ്ഞു. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായർ ആണ്.കൊച്ചിയിലെ റെസിലിങ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം മലയാള സിനിമയിൽ പുതിയൊരു തരംഗമുണ്ടാക്കുമെന്ന് ഉറപ്പാണ്. യുവതാരങ്ങളുടെ വമ്പൻ നിരയുമായാണ് ചിത്രം എത്തുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം ‌വലിയ താരനിര തന്നെ സ്ക്രീനിൽ അണിനിരക്കുന്നുണ്ട്. സംഗീത ലോകത്തെ ഇതിഹാസങ്ങളായ ശങ്കർ-എഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പുറത്തിറങ്ങിയ മൂന്ന് ഗാനങ്ങളും വൻ ഹിറ്റായിക്കഴിഞ്ഞു. "കാർണിവൽ" എന്ന ഗാനമാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ശങ്കർ മഹാദേവനും പ്രണവം ശശിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിൽ എംസി കൂപ്പറിന്റെ തകർപ്പൻ റാപ്പ് ഭാഗവുമുണ്ട്. വിനായക് ശശികുമാറും എംസി കൂപ്പറും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.

Similar News