മലയാള സിനിമയുടെ കാരണവരെ കാണാൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എത്തി
കണ്ണമ്മൂലയിലെ ശിവഭവനത്തിലേക്ക് ഇന്നലെ എത്തിയ അതിഥിയെകണ്ടു അവിടുത്തെ കുടുംബാംഗങ്ങളെല്ലാവരും വളരെയധികം അതിശയിച്ചു .
അപ്രതീക്ഷിതമായി എത്തിയ അതിഥി ആയിരുന്നെങ്കിലും വളരെ നാളുകളായുള്ള ദൃഢമായ ഒരാത്മബന്ധം ഇതിനിടയിൽ ഉണ്ട് .
മലയാള സിനിമയുടെ കാരണവരായ നടൻ മധുവിനെ കാണാൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എത്തി എന്നുള്ളത് ഈ ബന്ധത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്നു മലയാളികൾക്ക് മനസ്സിലാക്കി തരുന്നതാണ് .
രു മാസം മുൻപ് 92 –ാം പിറന്നാൾ ആഘോഷിച്ച മധുവിന് മമ്മൂട്ടി ആശംസകൾ അറിയിക്കുകയും നേരിട്ട് വന്നു കാണുമെന്നു അറിയിക്കുകയും ചെയ്തിരുന്നു .ഇപ്പോഴിതാ ആ വാക്ക് പാലിക്കപ്പെട്ടിരിക്കുകയാണ് .
ഇന്നലെ ഉച്ചയ്ക്കു ശേഷം 2.45 നാണു മമ്മൂട്ടി മധുവിന്റെ വീട്ടിലെത്തിയത്.
വളരെ നാളുകൾക്കു ശേഷം പരസ്പരം കണ്ടപ്പോൾ രണ്ടുപേരും ചേർത്ത് പിടിച്ചു സന്തോഷം പങ്കിട്ടു .തന്നെ ആദ്യം കണ്ടത് ഓർമ്മയുണ്ടോ എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് വൈക്കത്തു ഷൂട്ടിങ്ങിനു എത്തിയപ്പോഴായിരുന്നു എന്ന് മധുവിന്റെ മറുപടി ,അതിനുശേഷം മമ്മൂട്ടി ആ കഥ വിശദീകരിക്കുകയാണുണ്ടായത് .
മമ്മൂട്ടിയുടെ വാക്കുകളിലേക്ക്
ഞാനന്നു കോളജിൽ പഠിക്കുകയാണ്. വാപ്പ അറിയാതെ ഒരു കൂട്ടുകാരനെയും വിളിച്ച് വള്ളം തുഴഞ്ഞാണ് സാറിന്റെ അടുത്തു വന്നത്.
ഒരു നിമിത്തം പോലെ സാറ് ഞങ്ങളുടെ കൂടെ വള്ളത്തിലേക്കു കയറി. എന്റെ വലിയ ഹീറോ ആയിരുന്നു മധുസാർ. സാറ് ഞാൻ തുഴയുന്ന വള്ളത്തിലേക്കു കയറിയപ്പോൾ പറഞ്ഞറയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു.
പിന്നെ ആഞ്ഞു തുഴഞ്ഞു. കായലിൽ കുറെനേരം കറങ്ങിയടിച്ചാണു വന്നത്. എനിക്കത് വലിയ ഭാഗ്യമായി. ഓർക്കുന്നുണ്ടോ?’ മമ്മൂട്ടി ചോദിച്ചു .
വള്ളത്തിലും ബോട്ടിലുമൊക്കെ കയറുന്നത് വലിയ ഇഷ്ടവും ഉത്സാഹവും ആയിരുന്നു. അതല്ലേ രണ്ടു പയ്യന്മാരു വന്നു വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ കയറിയത്..’ മധുവിന്റെ മറുപടി ചിരി പടർത്തി.
‘അന്ന് ഞങ്ങളുടെ പഠനകാര്യങ്ങളൊക്കെ സാറ് തിരക്കിയിരുന്നു. നന്നായി പഠിക്കണമെന്നും പറഞ്ഞു.’‘അമരം’ അടുത്തയിടെ വീണ്ടും കണ്ടതായി മധു പറഞ്ഞു.
നടുക്കടലിലേക്കു തുഴഞ്ഞു പോകുന്ന സീനൊക്കെ ആവർത്തിച്ചു കണ്ടു. തുഴച്ചിൽ അന്നേ പഠിച്ചതു നന്നായി.ഒത്തിരി ഓർമകളും വിശേഷങ്ങളും എല്ലാം പങ്കുവെച്ചാണ് മമ്മൂട്ടി മടങ്ങിയത് .