വീണ്ടും വിവാഹം കഴിക്കില്ല ; പത്ത് വര്‍ഷത്തിന് ശേഷം ഒരുമിച്ച് ലിസിയും പ്രിയദർശനും

By :  Devina Das
Update: 2026-03-22 11:07 GMT

മലയാളികൾക്ക് സുപരിചിതരാണ് ലിസിയും പ്രിയദർശനും. ഇരുവരും നീണ്ട കാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്. എന്നാൽ ഇന്ന് പിണക്കമെല്ലാം മറന്ന് വീണ്ടും ഒരുമിച്ചിരിക്കുകയാണ് ലിസിയും പ്രിയദർശനും. വേർ പിരിഞ്ഞ് പത്ത് വർഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചിരിക്കുകയാണ്. പ്രിയദർശൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മിഡ് ഡേയോടായിരുന്നു പ്രിയദർശന്റെ പ്രതികരണം. ''വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങൾ പഴയതു പോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോൾ നയിക്കുന്നത്'' എന്നാണ് പ്രിയദർശൻ പറയുന്നത്. നേരത്തെ സംവിധായകൻ സിബി മലയലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദർശനും ഒരുമിച്ചെത്തിയത് വാർത്തയായിരുന്നു. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നായെന്ന അഭ്യൂഹങ്ങളും സജീവമായത്.പിന്നാലെ മമ്മൂട്ടിക്കൊപ്പമുള്ള തന്റേയും പ്രിയദർശന്റേയും ചിത്രം ലിസി പങ്കുവച്ചതും ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. തങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്ന് മിഡ് ഡേയോട് പ്രതികരിച്ച പ്രിയദർശൻ വീണ്ടും ഒരു വിവാഹത്തിനുള്ള പദ്ധതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മക്കളായ കല്യാണിയും സിദ്ധാർത്ഥുമാണ് അച്ഛനും അമ്മയും ഒരുമിക്കാൻ വഴിയൊരുക്കിയത്. ആറോ എട്ടോ മാസം മുമ്പ് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.1990 ലാണ് ലിസിയും പ്രിയനും വിവാഹം കഴിക്കുന്നത്. 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ലിസിയുടേയും പ്രിയന്റേയും. 2015 ലാണ് ഇരുവരും പിരിയുന്നത്. എന്തുകൊണ്ട് പിരിയുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു.

Similar News