ആരേയും അടിക്കാത്ത ഞാന്‍ അയാളുടെ മുഖത്തടിച്ചു; വെളിപ്പെടുത്തലുമായി ആശ ശരത്

By :  Devina Das
Update: 2026-04-02 10:19 GMT

 തന്റെ നൃത്ത വിദ്യാലയത്തിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകനെ തല്ലേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആശ ശരത്.''നോ പറയേണ്ട സ്ഥലത്തൊക്കെ നോ പറഞ്ഞിട്ടുണ്ട്. നോ പറയാൻ മടിയുള്ള ആളേയല്ല ഞാൻ. നോ പറയേണ്ടിടത്തും പ്രതികരിക്കേണ്ടിയത്തും ആരാണെന്ന് പോലും നോക്കാതെ പ്രതികരിച്ചിട്ടുള്ള ആളാണ് ഞാൻ. ആ പ്രായത്തിൽ അഭിനയിക്കാൻ വന്നത് കൊണ്ട് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ചില വസ്ത്രങ്ങൾ ധരിക്കാൻ പറ്റിയില്ലെങ്കിൽ ശക്തമായി തന്നെ ഞാൻ പറയും. എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും ഞാൻ സംസാരിക്കാറുണ്ട്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണമെന്ന് തന്നെയാണ് മക്കളോടും ഞാൻ പറയാറുള്ളത്.വർഷങ്ങൾക്ക് മുമ്പ് എന്റെ സ്‌കൂളിലെ ഒരു കുട്ടിയോട് ഒരു അധ്യാപകൻ മോശമായി പെരുമാറി. എന്നെ വിളിച്ച് കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയ അവസ്ഥയായിരുന്നു. ഞാൻ ആ സമയം നാട്ടിലായിരുന്നു. ഉടനെ തന്നെ തിരിച്ച് ദുബായിലെത്തി. അയാളെ വിളിച്ചു. നിങ്ങൾ മോശമായി പെരുമാറിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് അയാൾ പറഞ്ഞു. കുട്ടി അങ്ങനെയാണല്ലോ പറയുന്നത്, നിങ്ങളങ്ങനെ ചെയ്തുവോ എന്ന് ചോദിച്ചു. അയാൾക്ക് രണ്ട് പെൺകുട്ടികളാണ്. അങ്ങനെയൊന്നും ചെയ്തില്ല, ഞാൻ തുടങ്ങിയതേയുള്ളൂ എന്ന് അയാൾ പറഞ്ഞു.ജീവിതത്തിൽ ഞാൻ ആരേയും അടിച്ചിട്ടില്ല. എന്റെ മക്കളെപ്പോലും പക്ഷെ ഞാൻ അയാളുടെ മുഖത്തടിച്ചു. അടിക്കാതെ വേറെ വഴിയില്ല. കൊല്ലണ്ടേ അവനെ? അധ്യാപകനാണ്. കേസ് കൊടുക്കേണ്ട എന്ന് രക്ഷിതാക്കൾ പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് ഞാൻ പറഞ്ഞു. അയാളെ അറസ്റ്റ് ചെയ്തു. അവസരങ്ങൾ കിട്ടില്ലെന്ന് ഭയക്കാതെ പെൺകുട്ടികൾ പ്രതികരിക്കണം''.

Similar News