ചുരാ ലിയ തൂനേ ജോ ദില്‍ക്കോ;ഓർമ്മകളിൽ ആശ ഭോസ്ലെ

By :  Devina Das
Update: 2026-04-12 09:10 GMT

ഒരുകാലഘട്ടത്തിന്റെ തന്നെ ശബ്ദമായിരുന്ന, ഇന്ത്യൻ സിനിമ സംഗീതത്തെ അതിരുകളില്ലാത്ത വിസ്മയങ്ങളിലേക്ക് കൊണ്ടുപോയ ആശ ഭോസ്ലെ വിടവാങ്ങിയിരിക്കുകയാണ്.സംഗീതപ്രേമികളുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരുന്ന ആ ശബ്ദമാണ് നിലച്ചിരിക്കുന്നത് .

ലത മങ്കേഷ്‌കറും മുഹമ്മദ് റാഫിയും മുകേഷും കിഷോർ കുമാറുമടങ്ങുന്ന ഇതിഹാസങ്ങളുടെ നിരയിലെ അവസാനത്തെയാളാണ് പടിയിറങ്ങുന്നത്. ആശ തായ് എന്ന് ആരാധകരും സിനിമാ ലോകവും സ്‌നേഹത്തോടെ വിളിച്ച, ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ഇതിഹാസ ഗായിക ഇനിയില്ല. എങ്കിലും അവർ ബാക്കി വച്ചു പോയ പാട്ടുകൾ എന്നും ഇവിടെയുണ്ടാകും. ഒരു കാലത്തിന്റെ ശേഷിപ്പായി. ആശ ഭോസ്ലെയുടെ പാട്ടുകൾക്കിടയിലൊരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് വളരെ അസാധ്യമാണ് ."സം​ഗീതം എനിക്ക് ശ്വാസോച്ഛ്വാസം പോലെയാണ്. എന്റെ സം​ഗീതം നിലയ്ക്കണമെങ്കിൽ എന്റെ ശ്വാസം കൂടി നിലയ്ക്കണം. ഇനിയും ഒരുപാട് ചെയ്ത് തീർക്കാനുണ്ട്. പക്ഷേ വളരെ കുറച്ചു സമയമേ ബാക്കിയുള്ളൂ എന്ന് തോന്നുന്നു".-ഇടയ്ക്ക് ഒരഭിമുഖത്തിൽ ആശ ഭോസ്‍ലെ പറഞ്ഞതിങ്ങനെയാണ്.ഇന്നോളം പകരംവയ്ക്കാനില്ലാത്ത ഒരു അതുല്യപ്രതിഭയായിരുന്നു ആശ ഭോസ്‌ലെ. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ ആശ പാടിയിട്ടുണ്ട്. ഹിന്ദി സിനിമാ ലോകം ലതാ മങ്കേഷ്കർ എന്ന സുന്ദര ശബ്ദത്തിൽ മയങ്ങിക്കൊണ്ടിരുന്ന കാലത്താണ് സഹോദരി കൂടിയായ ആശ ഭോസ്‍ലെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്.ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷൺ പുരസ്കാരവും ആശാ ഭോസ്‌ലെയെ തേടിയെത്തി. ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗായികയാണ് ആശാ ഭോസ്ലേ. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ലെഗസി എന്ന ആൽബത്തിലൂടെയായിരുന്നു ഇത്. 2006-ൽ യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട് എന്ന ആൽബത്തിലൂടെ ആശയ്ക്ക് വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ 17 അവാർഡുകളാണ് അവരെ തേടിയെത്തിയത്. സാഹിത്യത്തിൽ അമരാവതി സർവ്വകലാശാലയിൽ നിന്നും ജൽഗാവ് സർവ്വകലാശാലയിൽ നിന്നും കലയിൽ സൽഫോർഡ് സർവ്വകലാശാലയിൽ നിന്നും അവർക്ക് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കലയിലെ മികച്ച സംഭാവനയ്ക്ക് ഫ്രെഡി മെർക്കുറി അവാർഡ് ആശയ്ക്ക് ലഭിച്ചിട്ടുണ്ട്. 2002 നവംബറിൽ ബർമിംഗ്ഹാം ഫിലിം ഫെസ്റ്റിവൽ അവർക്ക് പ്രത്യേക ആദരം നൽകി. 2021-ൽ മഹാരാഷ്ട്ര സർക്കാർ മഹാരാഷ്ട്ര ഭൂഷൺ നൽകി ഭോസ്‌ലെയെ ആദരിച്ചു. 

Similar News