കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം; വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു

By :  Devina Das
Update: 2026-02-17 07:05 GMT

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. ആരാധകരുടെ പ്രിയ താരജോഡിയായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും വിവാഹം കഴിക്കാൻ പോകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ എന്നാണ് വിവാഹം എന്ന് വ്യക്തമായിരുന്നില്ല. ഈ ചോദ്യത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.വൈറലായി മാറുന്ന വിവാഹക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 26നാണ് വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങായിട്ടാകും വിവാഹം നടക്കുക. പിന്നീട് മാർച്ച് നാലാം തിയ്യതി സുഹൃത്തുക്കൾക്കും സിനിമാലോകത്തിനുമായി റിസപ്ഷനൊരുക്കും. ഹൈദരാബാദിൽ വച്ചായിരിക്കും റിസപ്ഷൻ എന്നും കത്തിൽ പറയുന്നുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നത്. ഗീതാഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നാലെയുള്ള സിനിമകളിലും ഇരുവരുടേയും ജോഡി കയ്യടി നേടി. അധികം വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും സജീവമായി. എന്നാൽ തങ്ങളുടെ പ്രണയം ഇരുവരും പരസ്യമായി സമ്മതിച്ചിരുന്നില്ല.

അതേസമയം പലപ്പോഴും ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും പരിപാടികളിലും മറ്റും ഒരുമിച്ചെത്തിയതുമെല്ലാം പ്രണയ വർത്തകൾക്ക് ശക്തി പകർന്നു. ഈയ്യടുത്താണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടത്. അന്ന് മുതൽ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

Similar News