ഭൂതകാലത്തിനും ഭ്രമയുഗത്തിനും ഡീയസ് ഈറേയ്ക്കും ശേഷം വീണ്ടും ഹൊറർ ചിത്രവുമായി രാഹുൽ സദാശിവൻ
മലയാളത്തിലെയുവ സംവിധായകരിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ സംവിധായകനാണ് രാഹുൽ സദാശിവൻ. ഹൊറർ സിനിമകളൊരുക്കുന്നതിൽ പുതിയൊരു ബെഞ്ച് മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭൂതകാലത്തിനും ഭ്രമയുഗത്തിനും ഡീയസ് ഈറേയ്ക്കും ശേഷം ഇപ്പോഴിതാ വീണ്ടുമൊരു ഹൊറർ ചിത്രവുമായി രാഹുൽ സദാശിവൻ എത്തുകയാണ്.റിപ്പോർട്ടുകൾ പ്രകാരം രാഹുൽ സദാശിവന്റെ പുതിയ ചിത്രത്തിൽ വൻ താരനിരയാണ് ഒരുങ്ങുന്നത്. മഞ്ജു വാര്യരും പൃഥ്വിരാജുമായിരിക്കും ചിത്രത്തിലെ പ്രധാന താരങ്ങളെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രവും ഹൊറർ ചിത്രമായിരിക്കുമെന്ന് മാത്രമേ ഇപ്പോൽ അറിവായിട്ടുള്ളൂ. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.ഡീയസ് ഈറേയാണ് രാഹുലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രണവ് മോഹൻലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട സിനിമ ബോക്‌സ് ഓഫീസിൽ വലിയ വിജയമായി മാറുകയും ചെയ്തു. 80 കോടിയിലധികമാണ് ഡീയസ് ഈറേ നേടിയത്. ചിത്രത്തിന്റെ തിരക്കഥയും രാഹുൽ തന്നെയായിരുന്നു.ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രം വീണ്ടുമെത്തിയിരുന്നു. ഫെബ്രുവരി 12 ന് ഓസ്‌കാർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയുഗം പ്രദർശിപ്പിച്ചിരുന്നു. ബ്ലാക് ആന്റ് വൈറ്റിലുള്ള ചിത്രം 2024 ലാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിലൂടെ സിദ്ധാർത്ഥ് ഭരതനെ തേടി മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിരുന്നു.