എംടി വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്ട് രണ്ടാമൂഴം സംവിധാനം ചെയ്യാൻ ഒരുങ്ങി നടൻ ഋഷഭ് ഷെട്ടി
എംടി വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്ട് ആയ രണ്ടാമൂഴം സംവിധാനം ചെയ്യാനൊരുങ്ങി നടൻ ഋഷഭ് ഷെട്ടി .
ഉടൻ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും .ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന സംവിധായകൻ എന്ന നിലയിലാണ് എംടിയുടെ കുടുംബം ഋഷഭിനെ സമീപിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എംടിയുടെ ആഗ്രഹം പോലെ രണ്ട് പാർട്ടുകളായിട്ടായിരിക്കും ചിത്രമെത്തുക. എംടിയുടെ തന്നെ താല്പര്യ പ്രകാരം സംവിധായകനുമായി നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നു.
മുൻപ് സംവിധായകൻ മണിരത്നം ഈ സിനിമ ചെയ്യുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ സമയപരിമിതി മൂലം അദ്ദേഹം ഈ സിനിമയിൽ നിന്ന് പിന്മാറിയെന്നും മണിരത്നമാണ് ഋഷഭ് ഷെട്ടിയെ കുടുംബത്തിന് നിർദേശിച്ചതെന്നും ആണ് പുറത്തു വന്നിരിക്കുന്ന വിവരം .
പല വൻകിട കമ്പനികളും ഈ തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയി.
സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടു പോയതിനെത്തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നു പിൻവാങ്ങുകയായിരുന്നു.
പിന്നീടാണ് മകൾ അശ്വതി വി നായരെ തിരക്കഥ ഏൽപിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാൻ നടപടി ആരംഭിച്ചത്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാണ് രണ്ടാമൂഴം നിർമിക്കുക.
എംടിയുടെ 9 ചെറുകഥകൾ ചേർത്ത് 9 സംവിധായകർ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയിൽ റിലീസ് ചെയ്ത ‘മനോരഥങ്ങൾ’ എന്ന സിനിമ നിർമിച്ചത് എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണക്കമ്പനിയാണ്. എന്തായാലും രണ്ടാമൂഴത്തിന്റെ പ്രഖ്യാപനത്തിനായി മലയാളികൾ കാത്തിരിക്കുകയാണ്.