പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ മധ്യവയസ്‌കയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇവർ അണിഞ്ഞ ചുരിദാറിൻ്റെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ചുരിദാർ ഷാൾ ഉപയോഗിച്ചാണ് സീമയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതെന്നു തന്നെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും.
കണ്ണപുരം അയ്യോത്ത് സ്വദേശി കെവി സീമ(50) യാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവരെ ലോഡ്ജിൽ എത്തിച്ചു കൊല ചെയ്ത ശേഷം ആൺ സുഹൃത്തും അയൽക്കാരനുമായ അയ്യോത്ത് കടേൽപറമ്പിൽ വീട്ടിൽ കെപി വിജയൻ(47) മാട്ടൂൽ ജസീന്തക്ക് സമീപം തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന.
സീമയുടെ സ്വർണാഭരണങ്ങൾ വിജയൻ പണയം വെച്ചിരുന്നുവത്രേ. അത് എടുത്തു തരാമെന്ന് പറഞ്ഞാണ് പറശിനിക്കടവിലേക്ക് കുട്ടിക്കൊണ്ടു വന്നതെന്നാണ് വിവരം. ഇരുവരും അയൽവാസികളും നേരത്തെയുള്ള പരിചയക്കാരുമാണ്. ഭർത്താവ് രണ്ട് വർഷം മുൻപ് മരിച്ച സീമയ്ക്ക് രണ്ട് മക്കളുണ്ട്. വിജയനും ഭാര്യയും മക്കളുമുണ്ട്.കഴിഞ്ഞ കുറെക്കാലമായി ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. നേരത്തെയും കൊല നടന്ന പറശിനിയിലെ ലോഡ്ജിൽ ഇവർ ദമ്പതികളെന്ന വ്യാജേനെ മുറിയെടുത്തിരുന്നതായി ലോഡ്ജ് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾക്കിടെയിൽ എതിർപ്പുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
ബന്ധം തുടർന്നു പോകാൻ താത്പര്യമില്ലെന്നു വിജയൻ അറിയിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിലുള്ള സൗഹൃദം വഷളാകാൻ തുടങ്ങിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.