ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കി കൊലപ്പെടുത്തി ;യുവതിയും കാമുകനും അറസ്റ്റില്‍

By :  Devina Das
Update: 2026-01-23 06:47 GMT

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഭർത്താവിനെ ബിരിയാണിയിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗുണ്ടൂരിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ, ഫോറൻസിക് പരിശോധനയിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതികൾ പിടിയിലായത്. ലോകം ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരി, കാമുകൻ ഗോപി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മാധുരിയും ഗോപിയും തമ്മിൽ ദീർഘകാലമായി വിവാഹേതര ബന്ധത്തിലായിരുന്നു. സംഭവദിവസം മാധുരി ബിരിയാണിയിൽ ഉറക്കഗുളികകൾ പൊടിച്ചു ചേർത്ത് ഭർത്താവിന് നൽകി. ഭക്ഷണം കഴിച്ച ശിവനാഗരാജു ഗാഢനിദ്രയിലേക്ക് പോയതോടെ മാധുരി കാമുകനായ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് ശിവനാഗരാജുവിന്റെ മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് ശേഷം ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതായി അയൽക്കാരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് പറയുകയും ചെയ്തു.

ശിവനാഗരാജുവിന്റെ ശരീരത്തിലെ പരിക്കുകളും രക്തക്കറകളും കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ബന്ധുക്കളും സുഹൃത്തുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. സ്വാഭാവിക മരണമല്ലെന്നും, ശ്വാസം മുട്ടിച്ചതും നെഞ്ചിലെ പരിക്കുകളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ മാധുരിയെയും ഗോപിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. താനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അതിന്റെ അടിസ്ഥാനത്തിൽ ഗോപിയെ വിളിച്ചുവരുത്തുകയുമായിരുന്നെന്ന് യുവതി പൊലിസിനോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ മാധുരി ഭർത്താവിന്റെ മൃതദേഹത്തിന് സമീപമിരുന്ന് അശ്ലീല വീഡിയോകൾ കണ്ടിരുന്നതായി ആദ്യഘട്ടത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം എസ്പി നിഷേധിച്ചു. കൊല്ലപ്പെട്ട ശിവനാഗരാജുവാണ് ഭാര്യയുടെ മൊബൈൽ ഫോണിൽ ഇത്തരം വീഡിയോകൾ സ്ഥിരമായി കണ്ടിരുന്നതെന്നും, ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

Similar News