വൈറ്റില കൊലപാതകം ;കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെവി ഷാജി പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിലാണ് പിടിയിലായത്.
സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്നും തന്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനൽകി.സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങി റെയിൽവേപാലത്തിനടുത്തേക്ക് നടന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോൺ സുധ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലിൽ തലയിടിച്ച് ചോരവാർന്നു തുടങ്ങിയതോടെ സുധ കരയാൻ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവർ കേൾക്കാതിരിക്കാൻ ഷാജി സുധയുടെ മുഖത്ത് അമർത്തിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് സുധയുടെ ശരീരം റെയിൽവേ പാളത്തിൽ കൊണ്ടുപോയി ഇട്ടത്.
എന്നാൽ ട്രെയിൻ ഓടാത്ത പാളമായിരുന്നു ഇതെന്നതിനാൽ കൊലപാതകമാണെന്നു പൊലീസിന് വ്യക്തമായിരുന്നു. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മകൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. എന്നാൽ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈൽ ഫോൺ ലഭിച്ചതും നിർണായകമായി. ഷാജി നടന്നുവരുന്നതും ഷർട്ടിൽ രക്തംപറ്റിയതും സിസിടിവിയിൽ ഉണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞു പ്രതിയിലേക്കു പൊലീസ് എത്തിയത്.