കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് 25 വയസ്സ്

By :  Devina Das
Update: 2026-01-06 07:30 GMT

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്ന് 25 വർഷം തികയുന്നു .2001 ജനുവരി ആറിനാണ് ആലുവ സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ കൂട്ടക്കൊലപാതകം നടന്നത്.

ആലുവ മാഞ്ഞൂരാൻ ഹാർഡ്വെയേഴ്‌സ് ഉടമ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കൾ ജെസ്‌മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ ബന്ധുവും ആലുവ നഗരസഭയിൽ താത്കാലിക ഡ്രൈവറുമായിരുന്ന എംഎ ആന്റണിയായിരുന്നു കേസിലെ ഏക പ്രതി.

നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പ്രതി.

കൊലപാതകം നടക്കുമ്പോൾ തൃക്കാക്കരയിൽ അധ്യാപികയായിരുന്ന ആന്റണിയുടെ ഭാര്യയും മകനും പിന്നീട് വീടും സ്ഥലവും വിറ്റ് തമിഴ്നാട്ടിലേക്ക് താമസം മാറ്റി.

കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ വീട് ഏറെ വർഷങ്ങളോളം ആളനക്കം ഇല്ലാതെ സബ് ജയിൽ റോഡിനരികിൽ നിലനിന്നിരുന്നു. പിന്നീട് ബന്ധുക്കൾ വീട് പൊളിച്ചുനീക്കി.

2001 ജനുവരി ആറിന് ആറുപേരെ ഒരാൾ തനിച്ച് കൊലപ്പെടുത്തിയിട്ടും പുറംലോകമറിഞ്ഞത് 24 മണിക്കൂറിനുശേഷം മാത്രമാണ്.

ആന്റണിക്ക് വിദേശത്തുപോകാൻ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാത്തതിലുള്ള വൈരാഗ്യമാണു കൊലപാതകങ്ങൾക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവദിവസം രാത്രി 9ന് ആന്റണി പണം തേടി മാഞ്ഞൂരാൻ വീട്ടിലെത്തി. അൽപ്പം കഴിഞ്ഞപ്പോൾ അഗസ്റ്റിനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള സീനത്ത് തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്കുപോയി.

പണം ചോദിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് കൊച്ചുറാണിയെയും തടയാനെത്തിയ ക്ലാരയെയും ആന്റണി വെട്ടിക്കൊന്നു.

അഗസ്റ്റിനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോൾ അവരെയും വക വരുത്തുകയായിരുന്നു എന്നാണ് കേസ്.

പിറ്റേന്നു പുലർച്ചെ ആന്റണി മുംബൈയിലേക്ക് കടന്നു. അവിടെനിന്നു ദമാമിലേക്കും പോയി.

അന്വേഷണം മുറുകിയപ്പോൾ ആന്റണിയുടെ ഭാര്യയെ പൊലീസ് സ്വാധീനിച്ച് ഫെബ്രുവരി 11ന് നാട്ടിലേക്ക് വിളിച്ചുവരുത്തി.

മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ആന്റണിയെ അറസ്റ്റ് ചെയ്തത്.കേസ് ആദ്യം അന്വേഷിച്ചത് ആലുവ പൊലീസ് ആയിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

ഇരു വിഭാഗവും ആന്റണി കുറ്റക്കാരനാണെന്നു കണ്ടെത്തി. മരിച്ച ബേബിയുടെ വീട്ടുകാർ കൂടുതൽ പ്രതികളുണ്ടെന്നു സംശയിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി അന്വേഷണം സിബിഐക്കു കൈമാറി. സിബിഐ അന്വേഷിച്ചെങ്കിലും ആന്റണി തന്നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.

സിബിഐ കോടതി 2005 ഫെബ്രുവരി രണ്ടാം തീയതി ആന്റണിക്ക് വധശിക്ഷ വിധിച്ചു. സിബിഐ ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെമാൽ പാഷ ആയിരുന്നു വിധി പുറപ്പെടുവിച്ചത്.

കേരളത്തിലെ സിബിഐ കോടതിയിലെ ആദ്യ വധശിക്ഷാ വിധി ആണിത്.

സിബിഐ കോടതിയുടെ വിധി 2006 സെപ്റ്റംബർ 18ന് ഹൈക്കോടതി ശരിവെച്ചു. തുടർന്ന് പ്രതിക്ക് നൽകിയ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും 2009ൽ അംഗീകരിച്ചു.

പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയും ദയാ ഹർജി രാഷ്ട്രപതിയും തള്ളി.

ഇതോടെ വധശിക്ഷ നടപ്പാക്കാൻ സാധ്യത തെളിഞ്ഞു.

അതിനിടെ 2014ൽ വധശിക്ഷയ്ക്ക് എതിരായ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഇത് ആന്റണിക്ക് വധശിക്ഷയിൽ ഇളവ് ലഭിക്കാൻ കാരണമായി.

2018 ഡിസംബർ 11ന് വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി.

ഏറെക്കൊല്ലം ഏകാന്ത തടവ് അനുഭവിച്ച ആന്റണിക്ക് ഇതോടെ പരോൾ ലഭിച്ചു.

നിലവിൽ പരോൾ ലഭിച്ച പ്രതി നാട്ടിലുണ്ട്.

അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം കാട്ടാക്കടയിലുള്ള തുറന്ന ജയിലിൽ പ്രതി ഹാജരാകും.

Similar News