ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സഹോദരിമാരായ പെൺകുട്ടികൾ ആത്മഹത്യ ചെയ്തു. കുട്ടികളുടെ മരണത്തിന് പിന്നിൽ മൊബൈൽ ഗെയിമുകളോടുള്ള ആസക്തിയെന്ന് റിപ്പോർട്ട്. ചേതൻ കുമാർ എന്നയാളുടെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. സാഹിബാബാദിനെ ടീല മോർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ബഹുനില കെട്ടിടത്തിലെ ഒമ്പതാം നിലയിലെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ നിന്ന് ചാടിയാണ് കുട്ടികൾ ജീവനൊടുക്കിയത്.കുട്ടികളുടെ മരണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിലാണ് മൂവർക്കും മൊബൈൽ ഗെയിമുകളോടുള്ള ആസക്തി സംബന്ധിച്ച സൂചനകൾ ലഭിച്ചത്.
ഇന്ന് പുലർച്ച 12.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ബാൽക്കണിയിലേക്ക് കസേര ഉപയോഗിച്ച് കയറിയ ശേഷം കുട്ടികൾ ഓരോരുത്തരായി ചാടുകയായിരുന്നു എന്നാണ് വിലയിരുത്തൽ. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.കോവിഡ്-19 കാലം മുതൽ സഹോദരിമാർ ഓൺലൈൻ ഗെയിമിംഗിന് അമിതമായ താത്പര്യം കാണിച്ചിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഓൺലൈൻ ടാസ്‌ക് അധിഷ്ഠിത ഇന്ററാക്ടീവ് ഗെയിമായ 'ലവ് ഗെയിം' പോലുള്ളവയോടെ കുട്ടികൾ അമിത താത്പര്യം കാണിച്ചുരുന്നു. ഇതിനോടുള്ള രക്ഷിതാക്കളുടെ എതിർപ്പിൽ കുട്ടികൾ അസന്തുഷ്ടരായിരുന്നു എന്നുമാണ് റിപ്പോർട്ട്. കുട്ടികളെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (ഷാലിമാർ ഗാർഡൻ) അതുൽ കുമാർ സിങ് അറിയിച്ചു.