ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം ;ഹോംനഴ്‌സിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി

By :  Devina Das
Update: 2026-03-07 05:14 GMT

കോയമ്പത്തൂർ: ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി വി രാമവാരിയരുടെ മകൾ കസ്തൂരി ജി കുട്ടിയുടെ (83) കൊലപാതകത്തിൽ വീട്ടുജോലിക്കാരിക്കായി തിരച്ചിൽ ആരംഭിച്ചു പൊലീസ്. നേപ്പാൾ സ്വദേശിനി സുർജ റോകേയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരും മറ്റു നാലുപേരും ഒരു ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കോയമ്പത്തൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്നലെയാണ് നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ കസ്തൂരി ജി കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലിൽക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്മെന്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. കസ്തൂരിക്ക് സഹായത്തിനാണ് ഹോം നഴ്‌സായ സുർജയെ വീട്ടിൽ നിർത്തിയിരുന്നത്.

മകൻ ഡോ. രാംകുമാർകുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടിവിഎച്ച്‌നഗറിൽ താമസിക്കുന്ന മകൾ ഫോണിൽ വിളിച്ചപ്പോൾ മറുപടി കിട്ടാതിരുന്നതിനാൽ അയൽവാസികളെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന്, രാമനാഥപുരം പൊലീസിനെ വിവരമറിയിച്ചു. പോലീസ് ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.സിസിടിവി പരിശോധിച്ചപ്പോൾ രാത്രി 12.15-ന് മൂന്നുപേർ ഫ്‌ളാറ്റിൽവന്നതായി കണ്ടെത്തിയിട്ടുണ്ട്. അരമണിക്കൂറിനകം ഇവർ തിരിച്ചുപോവുകയും ചെയ്തു. സഹായിയായ സുർജ അക്രമികൾക്ക് വാതിൽ തുറന്നുകൊടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മൊബൈൽഫോൺ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവൻമാല നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വ്യക്തമായിട്ടില്ല. നിരവധി താമസക്കാരുള്ള അപ്പാർട്ട്മെന്റിൽ 24 മണിക്കൂറും കാവലുണ്ട്. അന്വേഷണത്തിന് ആറംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി (മുൻ എവിപി ഡയറക്ടർ). മക്കൾ: ഡോ. രാംകുമാർകുട്ടി (എവിപി ഡയറക്ടർ, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബൈ).

Similar News