പ്രണയദിനത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അരുംകൊല

By :  Devina Das
Update: 2026-02-14 10:44 GMT

നോയിഡ: പ്രണയദിനത്തിൽ ഉത്തർപ്രദേശിലെ നോയിഡയിൽ അരുംകൊല. 26 വയസുകാരിയെ കാറിനുള്ളിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഇരുവരെയും കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡൽഹി സ്വദേശി സുമിത്, നോയിഡ സ്വദേശി രേഖ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.സംശയാസ്പദമായ നിലയിൽ കാർ കണ്ടെത്തിയതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി കാർ പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ തലയ്ക്ക് വെടിയേറ്റ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

കാർ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. തോക്കും കാറിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കാറിനുള്ളിൽ നിന്ന് സുമിത് എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. താനും രേഖയുമായി കഴിഞ്ഞ പതിനഞ്ച് വർഷം പ്രണയത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. എന്നാൽ മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചതായി അറിയാൻ കഴിഞ്ഞു. ഇതോടെ താൻ മാനസികമായി തളർന്നെന്നും തുടർന്നാണ് രേഖയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Similar News