സ്‌കൂബാ ഡൈവിങ് പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ മോശമായി പെരുമാറി ;വെളിപ്പെടുത്തി വിദേശവനിത
കെയ്‌റോ: സ്‌കൂബാ ഡൈവിങ് പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദേശ വനിത. ഈജിപ്തിലെ ഹുർഘദയിൽ മെഡിൻ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഹൈതം എം അബ്ദുൽ ഹമീദ് എന്ന ഫ്രീലാൻസ് ഇൻസ്ട്രക്ടർക്കെതിരെയാണ് മെഡിൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതിന്റെ വി്ഡിയോയും തെളിവായി പുറത്തുവിട്ടിട്ടുണ്ട്. പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ഇൻസ്ട്രക്ടർ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പർശിച്ചു. സാധാരണ ഇൻസ്ട്രക്ടർമാർ നൽകാറുള്ള സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായുള്ള സ്പർശനമായിരുന്നില്ല അതെന്നാണ് യുവതി പറയുന്നത്.അനാവശ്യ സ്പർശനത്തെത്തുടർന്ന് മെഡിൻ അയാളുടെ കൈ തട്ടിമാറ്റുന്നത് വിഡിയോയിലുണ്ട്. വെള്ളത്തിനടിയിലായിരിക്കുമ്പോൾ ഒരു വലിയ പവർ ഡൈനാമിക് ഉണ്ട്. ഡൈവിങ് നിയന്ത്രിക്കുന്നത് ഇൻസ്ട്രക്ടറാണ്. അതുകൊണ്ട് തന്നെ പലരും പ്രതികരിക്കാൻ ഭയപ്പെടും. നിങ്ങൾക്ക് അസ്വസ്ഥത തോന്നിയാൽ പ്രതികരിക്കാനും ഡൈവിങ് പാതിവഴിയിൽ അവസാനിപ്പിക്കാനും മടിക്കരുതെന്നും എന്നും മെഡിൻ കുറിച്ചു. സോളോ ട്രാവലർമാർ ഇത്തരം പരിശീലനങ്ങൾക്ക് പോകുമ്പോൾ ഇൻസ്ട്രക്ടർമാരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും മെഡിൻ പറയുന്നു.