മധുര ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫീസിലെ തീപിടിത്തം ;കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
ചെന്നൈ: മധുരയിലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫീസിനുള്ളിലുണ്ടായ തീപിടിത്തത്തിൽ വനിതാ സീനിയർ ബ്രാഞ്ച് മാനേജർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തുടക്കത്തിൽ തീപിടിത്തത്തിൽ ഉണ്ടായ അപകട മരണമാണെന്ന് കരുതിയ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരു മാസത്തിന് ശേഷം സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 17 ന് രാത്രി നഗരത്തിലെ വെസ്റ്റ് വേലി സ്ട്രീറ്റിലെ എൽഐസി കെട്ടിടത്തിലാണ് സീനിയർ ബ്രാഞ്ച് മാനേജർ എ കല്യാണി നമ്പിയെ (54) ഓഫീസ് ക്യാബിനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സഹപ്രവർത്തകനായ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി റാമിനെയാണ് (46) അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തീപിടിത്തത്തിൽ റാമിനും പൊള്ളലേറ്റിരുന്നു. റാമിന്റെ മൊഴിയിലെ പൊരുത്തക്കേടുകളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ചത്.
മുഖംമൂടി ധരിച്ച അജ്ഞാതൻ കല്യാണിയുടെ ആഭരണങ്ങൾ കവർന്നെടുക്കാൻ ഓഫീസിൽ കയറി പിന്നീട് തീയിട്ടു എന്നാണ് റാം ആദ്യം പൊലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലിൽ റാമിന്റെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാബിനിൽ നിന്ന് പെട്രോൾ നിറയ്ക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളും ബൈക്കിൽ നിന്ന് പെട്രോൾ വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന ട്യൂബും ഉദ്യോഗസ്ഥർ കണ്ടെടുത്തതാണ് വഴിത്തിരിവായത്.
മരണത്തിന് മുൻപ് അമ്മ വിളിച്ചിരുന്നുവെന്നും താൻ അപകടത്തിലാണെന്നും പൊലീസിനെ അറിയിക്കാൻ പറഞ്ഞെന്നുമുള്ള മകന്റെ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.40-ലധികം മരണ ക്ലെയിം ഫയലുകൾ റാം തീർപ്പാക്കിയില്ലെന്ന് നിരവധി ഇൻഷുറൻസ് ഏജന്റുമാർ കല്യാണിയോട് പരാതിപ്പെട്ടിരുന്നു. ഇതിൽ റാമിനെ കല്യാണി ശാസിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റാം കല്യാണിയെ കൊല്ലാനും രേഖകൾ നശിപ്പിക്കാനും തീരുമാനിച്ചത്.
കൊലപാതകം വളരെ ആസൂത്രിതമായാണ് ചെയ്തത്. രാത്രി 8.30 ഓടെ, കെട്ടിടത്തിലേക്കുള്ള പ്രധാന വൈദ്യുതി വിതരണം വിച്ഛേദിച്ച റാം, തകരാർ റിപ്പോർട്ട് ചെയ്തുകൊണ്ട് തമിഴ്നാട് വൈദ്യുതി ബോർഡിന് ഇ-മെയിൽ അയച്ചു. തുടർന്ന് പ്രധാന ഗ്ലാസ് ഡോർ ചങ്ങലയിട്ട് പ്രവേശനം തടഞ്ഞു. ലൈറ്റ് അണഞ്ഞപ്പോൾ, ആരോ വാതിൽ പൂട്ടാൻ ശ്രമിക്കുന്നത് കല്യാണി ശ്രദ്ധിച്ചു. സഹായത്തിനായി അവർ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. നിമിഷങ്ങൾക്കുള്ളിൽ, റാം ക്യാബിനിൽ കയറി മാനേജരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. തീ മുറിയാകെ ആളിക്കത്തി.
തുടർന്ന് സംഭവം യാദൃശ്ചികമാണെന്ന് വരുത്തിത്തീർക്കാൻ റാം സ്വന്തം ക്യാബിന് തീയിടുകയായിരുന്നുവെന്നും അതിനിടയിൽ അദ്ദേഹത്തിന് പൊള്ളലേറ്റുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിനുശേഷം, കൊലപാതകം താൻ ചെയ്തതായി റാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.