ഒരു ലക്ഷം രൂപ ;ഒഡിഷയില്‍ രണ്ടര വയസുകാരനെ പിതാവ് വിൽപ്പന നടത്തി
ഭുവനേശ്വർ: ഒഡിഷയിൽ രണ്ടര വയസുകാരനെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വിൽപന നടത്താൻ ശ്രമിച്ചു. ബാരിസാഹി ഗ്രാമത്തിൽ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിൽപ്പനക്കാരനും പിതാവും കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വിലപേശലിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടികൾ.എന്നാൽ വിഡിയോയുടെ ആധികാരികത ഉറപ്പിക്കാൻ ആയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരു പ്രാദേശിക ആക്ടിവിസ്റ്റ് പരാതി നൽകിയതിന് പിന്നാലെയാണ് നീലഗിരി പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വിൽപന നടത്താൻ ശ്രമിച്ചയാളെയും വാങ്ങാൻ എത്തിയ വ്യക്തിയെയും കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. ചിമിനിഭാട്ടി പ്രദേശത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും നീലഗിരി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രമോദ് കുമാർ മല്ലിക് പറഞ്ഞു, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിർമാണ തൊഴിലാളിയായ കുവ എന്ന രാകേഷ് കുമാർ ബെഹറയാണ് കുട്ടിയുടെ പിതാവ്. ഇടപാടിന്റെ ആദ്യഘഡുവായി ഇയാൾക്ക് 50000 രൂപ ലഭിച്ചതായും പൊലിസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് കുട്ടിയെ വിൽപന നടത്താൻ മുതിർന്നത് എന്നാണ് രാകേഷ് കുമാർ ബെഹെറയുടെ പ്രതികരണം എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഞങ്ങൾക്ക് നാല് കുട്ടികളുണ്ട്, അവരെ വളർത്തുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്. പരിചയക്കാരനാണ് കുട്ടിയെ വാങ്ങാൻ ആളെ ഏർപ്പാടാക്കിയതെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ബെഹറ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നും വിൽക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടി അദ്ദേഹത്തിൽ നിന്ന് വേറിട്ട് താമസിക്കുന്ന രണ്ടാമത്തെ ഭാര്യയിൽ ജനിച്ചതാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.