കാറിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ അച്ഛൻ പുറത്തിറങ്ങി ;തീപിടിച്ച് നാല് വയസുള്ള കുട്ടി മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് നാല് വയസ്സുള്ള കുട്ടി പൊള്ളലേറ്റ് മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇൻഡോറിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയുള്ള സിമ്രോൾ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചിരാഗ് എന്ന കുട്ടിയാണ് മരിച്ചത്. അപകട സമയത്ത് കുട്ടി കാറിൽ ഇരിക്കുകയായിരുന്നു. കാറിന്റെ എൻജിൻ ഓഫ് ചെയ്യാതെ പുറത്തിറങ്ങിയ കുട്ടിയുടെ അച്ഛൻ മറ്റൊരു വാഹനത്തിൽ സൗണ്ട് സിസ്റ്റം വെയ്ക്കുന്ന ജോലിയിൽ മേൽനോട്ടം വഹിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കാറിൽ പെട്ടെന്ന് തീ പടരുകയായിരുന്നുവെന്ന് സിമ്രോൾ പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ വേഗത്തിൽ പടർന്നത് കാരണം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടി മരിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും സിമ്രോൾ പൊലീസ് അറിയിച്ചു.