വൃദ്ധ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; മകന്‍ അറസ്റ്റില്‍
കൊല്ലം: വൃദ്ധ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ മകൻ വർഗീസ് (32) അറസ്റ്റിലായി.
കഴിഞ്ഞ 15-ന് മൂന്നുമണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ കിണറ്റിൽ വീണുകിടക്കുന്നതായി വർഗീസ് ബഹളംവെച്ച് അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.മൃതദേഹപരിശോധനയിൽ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് വർഗീസ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയെ കിണറ്റിൽ തള്ളിയിട്ടതാണെന്ന് വർഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.