ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു ;ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം
കൊച്ചി: ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് ഭിന്നശേഷിക്കാരന് ക്രൂരമർദനം. കൊച്ചി പനമ്പള്ളി നഗറിലെ ലോഡ്ജിലാണ് സംഭവം. അമൽദേവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം ക്രൂരമായി മർദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്‌ഐആർ. കൊല്ലം സ്വദേശിയായ ഇയാൾ കലൂരിലാണ് താമസിക്കുന്നത്. യുവാവിനെ സുഹൃത്തായ സ്ഫ്‌നയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ ഒരുമാസമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു.
ഇവർ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതിൽ പ്രകോപിതനായ ഇയാൾ യുവതി വഴി ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.ഇവിടെ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് മർദനമേൽക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ടോർച്ച് വച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. അമൽദേവിന്റെ നഗ്‌ന ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും ചെയ്തു. ഇയാൾക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത കടവന്ത്ര പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന മൂന്ന് പേർക്കുമെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ സഫ്‌നയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.