ബംഗ്ലദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം;ഗാരേജില്‍ കിടന്നുറങ്ങിയ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു
ധാക്ക: ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ അജ്ഞാതർ തീവെച്ചു കൊലപ്പെടുത്തി. കുമില്ല ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമവാസിയായ ചഞ്ചൽ ചന്ദ്ര ഭൗമിക് (23) ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഒരു ഗാരേജിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ചഞ്ചൽ ചന്ദ്രയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഗാരേജിന്റെ മുകളിലും ഷട്ടറിലുമെല്ലാം പെട്രോൾ ഒഴിച്ച് അക്രമികൾ തീ കൊളുത്തുകയായിരുന്നു. തീപടർന്നതോടെ, ഉള്ളിൽ കിടന്നുറങ്ങുകയായിരുന്ന ചഞ്ചൽ ചന്ദ്ര പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരിച്ചത്.
ലക്ഷ്മിപൂർ ഗ്രാമവാസിയായ ചഞ്ചൽ ചന്ദ്ര, ജോലിയുമായി ബന്ധപ്പെട്ട് നർസിംഗ്ഡിയിൽ താമസിക്കുകയായിരുന്നു. ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിൽ കുറേക്കാലമായി ചഞ്ചൽ ചന്ദ്ര ജോലി ചെയ്തു വരികയായിരുന്നു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് ചഞ്ചൽ ചന്ദ്രയുടെ കുടുംബം ആരോപിച്ചു. ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തു നിന്നും തെളിവുകൾ ശേഖരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗ്ലാദേശിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ആക്രമണം വർധിച്ചതായാണ് റിപ്പോർട്ടുകൾ.