കരിയറിനെ ചൊല്ലിയുള്ള തർക്കം ;പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ
ലഖ്‌നൗ: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. കരിയറിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ലഖ്‌നൗവിലാണ് സംഭവം.49 കാരനായ മരുന്ന് വ്യാപാരിയായ മാനവേന്ദ്ര സിങാണ് മരിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതും മകൻ 21കാരനായ അക്ഷത് പ്രതാപ് സിങ്ങിനെ ചോദ്യം ചെയ്തതും. ആദ്യം മുതൽ തന്നെ സംശയം തോന്നിയ പൊലീസ് അക്ഷതിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മകൻ എൻട്രൻസ് എഴുതി മെഡിക്കൽ മേഖലയിൽ കരിയർ കണ്ടെത്തണമെന്നതായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാൽ ഇതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന അക്ഷത് മുൻപും പലതവണ പിതാവുമായി തർക്കത്തിലേർപ്പെട്ടിട്ടുണ്ട്. ഒരുതവണ അക്ഷത് വീട്ടിൽ നിന്നിറങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും തന്റെ നിലപാടിൽ നിന്നും മാനവേന്ദ്രസിങ് പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല മകനുമേൽ കടുത്ത സമ്മർദം നൽകുകയും ചെയ്തതായാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സമാനമായ തർക്കമുണ്ടായപ്പോൾ അക്ഷത് റൈഫിൾ ഉപയോഗിച്ച് മാനവേന്ദ്രസിങ്ങിനെ വെടിവെച്ചു കൊലപ്പെടുത്തി. മൂന്നാം നിലയിൽ നിന്നും മൃതദേഹം താഴത്തെ നിലയിലെത്തിച്ച ശേഷം ഒഴിഞ്ഞുകിടന്ന മുറിയിലെത്തിച്ച് വെട്ടിക്കഷ്ണങ്ങളാക്കി. അക്ഷത് പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കുന്നതു കണ്ട സഹോദരിയ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ശേഷം മൃതദേഹഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങൾ വീട്ടിനുള്ളിൽ നീല ഡ്രമ്മിലാക്കി സൂക്ഷിക്കുകയും ചെയ്തു. ഇതാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.