രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഈ മാസം 26ന് പരീക്ഷണയോട്ടം നടത്തും
കൊച്ചി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ മാസം 26ന് പരീക്ഷണയോട്ടം നടത്തും.
നോർത്തേൺ റെയിൽവേയിലെ ജിന്ദ് -സോനിപത്ത് സ്റ്റേഷനുകൾക്കിടയിൽ 90 കിലോമീറ്റർ ദൂരത്തിലാണ് രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുക.
തദ്ദേശീയമായി വികസിപ്പിച്ച ട്രെയിനിന്റെ പരീക്ഷണയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നമോ ഗ്രീൻ ട്രെയിൻ എന്ന പേരിൽ സർവീസ് നടത്താൻ ഒരുങ്ങുന്ന ട്രെയിൻ ട്രാക്കിൽ ഓടാൻ തുടങ്ങിയാൽ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ല് ആണ് പിന്നിടുക.
ട്രെയിനിന്റെ അന്തിമ ലോഡിംഗും പരിശോധനയും ഈ ആഴ്ച ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കും. ഏറ്റവും പുതിയ ഇലക്ട്രോകെമിക്കൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
ഇന്ധനത്തിനായി 9 കിലോ വെള്ളം ഉപയോഗിച്ച് 900 ഗ്രാം ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.
ഒരു കിലോമീറ്റർ ട്രെയിൻ ഓടിക്കാൻ ഇത് മതിയാകും. ട്രെയിനിന് 3,000 കിലോഗ്രാം ഹൈഡ്രജനും 7,680 കിലോഗ്രാം ഓക്‌സിജനും ഉൾക്കൊള്ളാൻ കഴിയും.
ലോകത്ത് ആകെ 5 രാജ്യങ്ങളിൽ മാത്രമാണു നിലവിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ്. ബ്രോഡ് ഗേജിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനാണ് ഇന്ത്യയിലേത്.
10 കോച്ചുകൾ. 2500 പേർക്ക് യാത്ര ചെയ്യാം. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണു കോച്ചുകളുടെ നിർമാണം.
മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ ട്രെയിനിനു വേഗം കൈവരിക്കാം.
ഓട്ടമാറ്റിക് ഡോറുകളുള്ള ട്രെയിനിൽ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ ട്രെയിൻ മുന്നോട്ടു നീങ്ങുകയുള്ളൂ.