രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കേരള ഗ്രാമീണ ബാങ്കും വാഹന വായ്പ കരാറിൽ ഒപ്പുവെച്ചു
മലപ്പുറം: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക ഗ്രാമീണ ബാങ്കായ കേരള ഗ്രാമീണ ബാങ്കും (കെജിബി) തമ്മില്‍ വാഹന വായ്പാ കരാറില്‍ (MoU) ഒപ്പുവെച്ചു.
മാരുതി സുസുക്കിയുടെ വിപുലമായ ഡീലര്‍ ശൃംഖലയും കേരള ഗ്രാമീണ ബാങ്കിന്റെ ഗ്രാമതലങ്ങളിലുള്ള ശക്തമായ സാന്നിധ്യവും സംയോജിപ്പിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലളിതവും വേഗത്തിലുള്ളതുമായ വാഹന വായ്പകള്‍ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് മാരുതി സുസുക്കിയും കേരള ഗ്രാമീണ ബാങ്കും അറിയിച്ചു.
പുതിയ കാറുകള്‍,വാണിജ്യ വാഹനങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്കായി ആകര്‍ഷകമായ പലിശ നിരക്കിലും ലളിതമായ നിബന്ധനകളിലും വായ്പകള്‍ ലഭ്യമാകും. ഗ്രാമീണ-അര്‍ദ്ധ നഗര മേഖലകളിലെ സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും ഈ സഹകരണം ഏറെ പ്രയോജനകരമാകും.
ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ വായ്പാ നടപടികള്‍ വേഗത്തിലാക്കാനും ബാങ്ക് ലക്ഷ്യമിടുന്നതായും കേരള ഗ്രാമീണ ബാങ്ക് അറിയിച്ചു.
പുതിയ കാറുകള്‍ക്കും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും പ്രത്യേക വായ്പാ പദ്ധതികള്‍, കുറഞ്ഞ പലിശ നിരക്കും ലളിതമായ രേഖാ നടപടികളും,ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളിലൂടെ അതിവേഗ വായ്പാ അനുമതി എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങളെന്നും കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ശാഖകളിലൂടെ ഏറ്റവും മികച്ച വായ്പാ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കേരള ഗ്രാമീണ ബാങ്ക് അധികൃതര്‍ അറിയിച്ചു.