മാസംതോറും ഗ്യാരണ്ടീഡ് പെൻഷൻ ഉറപ്പുവരുത്തുന്നു ;എൻപിഎസിൽ മാറ്റം

By :  Devina Das
Update: 2026-01-15 11:00 GMT

ന്യൂഡല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അംഗത്വമെടുത്ത ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന അഷ്വേര്‍ഡ് പേഔട്ട് ഓപ്ഷന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

വരിക്കാര്‍ക്ക് ആകര്‍ഷകവും ഫലപ്രദവുമായ വിരമിക്കല്‍ പദ്ധതിക്ക് രൂപം നല്‍കാനാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒരുങ്ങുന്നത്.

വിപണി പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു മാര്‍ക്കറ്റ്-ലിങ്ക്ഡ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്). വിരമിക്കുന്ന സമയത്ത് വരിക്കാര്‍ക്ക് കോര്‍പ്പസിന്റെ 40 ശതമാനം ഉപയോഗിച്ച് ഏതെങ്കിലും ആന്വിറ്റി വാങ്ങാം.

ബാക്കി 60 ശതമാനം ഒറ്റത്തവണയായി പിന്‍വലിക്കാന്‍ കഴിയുന്ന തരത്തിലാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് രൂപം നല്‍കിയത്.

അടല്‍ പെന്‍ഷന്‍ യോജന (APY), യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം (UPS), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) പോലെ വരിക്കാര്‍ക്ക് വിരമിച്ചതിന് ശേഷവും പതിവായി പ്രതിമാസ പേയ്മെന്റ് ലഭിക്കുന്നതാണ് അഷ്വേര്‍ഡ് പേഔട്ട്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനായി ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

Similar News