പ്രമുഖ ചരിത്രകാരൻ പ്രൊഫ. കെ. എൻ. പണിക്കർ (89) അന്തരിച്ചു.
Prominent historian Prof. K N Panikkar passed away
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിലിന്റെ സ്ഥാപക ചെയർമാനുമായ പ്രൊഫ. കെ. എൻ. പണിക്കർ (89) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം കേരള ചരിത്രഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനൊരുങ്ങിയിരുന്ന സമയത്താണ് ഈ വേർപാട്.
സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തിൽ നടക്കും.
രാജസ്ഥാൻ സ്വദേശിനിയും സഹപാഠിയുമായിരുന്ന പരേത ശ്രീമതി ഉഷാ ഭാർഗവ ആയിരുന്നു ഭാര്യ. മക്കൾ: രാഗിണി, ശാലിനി. മരുമക്കൾ: പീതാംബർ, ആർ. വി. രാമൻ.
2017ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.
1936 ഏപ്രിൽ 26ന് ഗുരുവായൂരിലെ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച പണിക്കർ, ചാവക്കാട് ബോർഡ് ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ മോഡേൺ ഹിസ്റ്ററി പ്രൊഫസറായും വകുപ്പ് മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറും കേരള ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ ആദ്യ ചെയർമാനും കേരള ചരിത്രഗവേഷണ കൗൺസിലിന്റെ അധ്യക്ഷനുമായിരുന്നു.
മാർക്സിസ്റ്റ് ചരിത്രരചനാരീതി സ്വീകരിച്ച പണിക്കർ, ഇന്ത്യൻ ചരിത്രരചനയിൽ ശാസ്ത്രീയവും പുരോഗമനപരവുമായ സമീപനങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കൊളോണിയൽ ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ ചരിത്രം, കർഷകപ്രക്ഷോഭങ്ങൾ, കമ്യൂണലിസം, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ആഴത്തിലുള്ള പഠനങ്ങൾ നടത്തി.
ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ (1968), എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്: റിലീജിയൻ ആൻഡ് പെസന്റ് അപ്‌റൈസസ് ഇൻ മലബാർ, 1836–1921 (1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നെസ് ഇൻ മോഡേൺ ഇന്ത്യ (1970), നാഷണൽ ആൻഡ് ലെഫ്റ്റ് മൂവ്‌മെന്റ്‌സ് ഇൻ ഇന്ത്യ (1980), കമ്മ്യൂണലിസം ഇൻ ഇന്ത്യ: ഹിസ്റ്ററി, പൊളിറ്റിക്‌സ് ആൻഡ് കൾച്ചർ (1991) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. നിരവധി പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.