കോക്പിറ്റിൽ ഉറക്കം: വി എസ് ആർ ഉടമയ്ക്കെതിരെ ഗുരുതര ആരോപണവുമായി അജിത് പവാറിന്റെ മകൻ
Jay Pawar Alleges Pilot Negligence: Ajit Pawar's son has come forward with serious allegations against VSR Ventures
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ലിയർജെറ്റ് 45 എക്സ്ആർ വിമാനാപകടവുമായി ബന്ധപ്പെട്ട്, വിമാനം പ്രവർത്തിപ്പിച്ച 'വിഎസ്ആർ വെഞ്ചേഴ്സ്' (VRS Ventures) കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി അജിത് പവാറിന്റെ മകൻ ജയ് പവാർ രംഗത്തെത്തി.
കമ്പനി ഉടമ രോഹിത് സിങ് കോക്പിറ്റിലെ പൈലറ്റ് സീറ്റിൽ ഇരുന്ന് ഉറങ്ങുന്നതായി കാണിക്കുന്ന ഒരു വീഡിയോ ജയ് പവാർ പങ്കുവെച്ചു.
"എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഈ വേദന ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകും," എന്ന് വീഡിയോയ്ക്കൊപ്പം ജയ് പവാർ കുറിച്ചു. വിമാനത്തിന്റെ സുരക്ഷാ ലംഘനങ്ങൾ അസ്വീകാര്യമാണെന്നും, ഡിജിസിഎ (DGCA) അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ VSR വെഞ്ചേഴ്സിന്റെ എല്ലാ വിമാനങ്ങളും സർവീസ് നിർത്തിവെക്കണമെന്നും, രോഹിത് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും ജയ് പവാർ ആവശ്യപ്പെട്ടു. അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാറും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
രോഹിത് സിങ്ങിന് കേന്ദ്രമന്ത്രിമാരോടും ഉന്നത നേതാക്കളോടും അടുത്ത ബന്ധമുള്ളതിനാലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും ജയ് പവാർ ആരോപിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി 28ന് ബാരാമതിയിൽ നടന്ന അപകടത്തിൽ അജിത് പവാർ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, രണ്ട് പൈലറ്റുമാർ, വിമാന ജീവനക്കാരൻ എന്നിവരുൾപ്പെടെ അഞ്ചുപേർ മരിച്ചിരുന്നു. മോശം കാഴ്ചപരിധിയും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിന് കാരണമെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലാൻഡിങ്ങിന് ആവശ്യമായ 5 കിലോമീറ്റർ കാഴ്ചപരിധിക്ക് പകരം 3 കിലോമീറ്റർ മാത്രമേ അപകടസമയത്ത് ഉണ്ടായിരുന്നുള്ളൂ.