ഇറാൻ പ്രസിഡന്റ് അയൽ ഗൾഫ് രാജ്യങ്ങളോട് മാപ്പപേക്ഷിച്ചു

Iran's President Masoud Pezeshkian apologises to neighbouring countries and says it won't target them unless attacked first

Update: 2026-03-07 12:19 GMT

ടെഹ്‌റാൻ: ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരായ യുദ്ധത്തിനിടെ അയൽരാജ്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ക്ഷമ ചോദിച്ചു.

സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും ഗൾഫ് രാജ്യങ്ങളോടും മറ്റ് അയൽരാജ്യങ്ങളോടും മാപ്പപേക്ഷിക്കുന്നതായി അദ്ദേഹം ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. ഇനി മുതൽ അയൽരാജ്യങ്ങളെ ലക്ഷ്യമാക്കി മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തില്ലെന്നും ഇടക്കാല നേതൃസമിതി തീരുമാനിച്ചതായും പെസെഷ്‌കിയാൻ വ്യക്തമാക്കി. എന്നാൽ, അയൽരാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും ശത്രുക്കളുടെ ആഗ്രഹങ്ങൾ നടക്കില്ലെന്നും ഭിന്നതകൾ മാറ്റിവെച്ച് അവസാനശ്വാസം വരെ രാജ്യത്തിനായി പോരാടുമെന്നും പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിനും സൗദി അറേബ്യയ്ക്കും നേരെ ഇറാൻ മിസൈലും ഡ്രോണും ആക്രമണങ്ങൾ നടത്തിയിരുന്നു. ഖത്തറിനെതിരെ 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തൊടുത്തുവിട്ടതായി റിപ്പോർട്ടുകളുണ്ട്; ഇതിൽ ഒന്ന് അല്‍-ഉദൈദ് സൈനിക താവളത്തിൽ പതിച്ചു. സൗദി അറേബ്യയിലെ അല്‍ ഷൈബ എണ്ണപ്പാടത്തിനും ആക്രമണമുണ്ടായെങ്കിലും അത് തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News