അച്ഛനെപ്പോലും അപമാനിച്ചു; സിപിഐഎം വിടുമോ ജി. സുധാകരനോ?

G. Sudhakaran signals CPM exit by not renewing membership

Update: 2026-03-04 08:08 GMT

ആലപ്പുഴ: മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കാതെ നിർത്തിയതായി സൂചിപ്പിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.

2026ലെ മെമ്പർഷിപ് സ്ക്രൂട്ടിനി സമയത്ത് അപേക്ഷ നൽകാത്തതിനാൽ ലെവിയോ വരിസംഖ്യയോ അടയ്ക്കേണ്ടി വന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2022ൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് അംഗമായി പ്രവർത്തിച്ചുവരികയാണ്. എന്നാൽ, ഈ കാലയളവിൽ ജില്ലാ നേതൃത്വം തന്റെ പ്രവർത്തനത്തെക്കുറിച്ച് ഒരിക്കലും അന്വേഷിച്ചില്ലെന്നും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാത്തതിനെക്കുറിച്ചും രൂക്ഷ വിമർശനമാണ് കുറിപ്പിലുള്ളത്.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക പരിപാടിയിൽ പോലും തനിക്ക് ക്ഷണം ലഭിച്ചില്ലെന്നും, അടിയന്തരാവസ്ഥയിൽ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റിലായി ജയിൽവാസവും മർദനവും നേരിട്ട ജില്ലയിലെ ഏക വ്യക്തിയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഏറ്റവും രൂക്ഷമായത്, തന്റെ അച്ഛനെപ്പോലും ആക്ഷേപിച്ച് ഒരു എൽസി മെമ്പർ പോസ്റ്റിട്ടതിനെക്കുറിച്ചുള്ള പരാമർശമാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഇത്തരം നിരവധി അവഗണനകൾ നേരിട്ടിട്ടും പാർട്ടിയിൽ തുടർന്നുവെന്നും പ്രലോഭനങ്ങൾക്ക് വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ തന്നെ പരിഗണനയർഹിക്കാത്തവനാണെന്ന രീതിയിൽ സംസാരിച്ചതും കളിയാക്കി ചിരിച്ചതും മാധ്യമപ്രവർത്തകർ ചിരിച്ചതും കണ്ടതായി സൂചിപ്പിച്ചു. ഇത്തരം സാഹചര്യത്തിൽ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ സ്വമനസ്സോടെ അംഗത്വം പുതുക്കാതിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

എന്നാൽ, പാർട്ടിയുടെ ആശയാദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും എല്ലാവർക്കും ആശംസകളും നന്ദിയും അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News