'600 രൂപ പോലും കൊടുക്കാത്തവർ 3000 രൂപ നൽകുമെന്ന് പറയുന്നു': മന്ത്രി കെ എൻ ബാലഗോപാൽ
Finance Minister K.N. Balagopal criticised Congress' ₹3,000 pension promise
തിരുവനന്തപുരം: കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികളെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു: "600 രൂപ പെൻഷൻ പോലും കൊടുക്കാത്തവരാണ് ഇപ്പോൾ 3000 രൂപ കൊടുക്കുമെന്ന് പറയുന്നത്.
"കോൺഗ്രസിന്റെ പ്രഖ്യാപനങ്ങൾ നടപ്പാക്കാത്ത വാഗ്ദാനങ്ങളാണെന്നും ബാലഗോപാൽ ആരോപിച്ചു. യു.ഡി.എഫ് ഭരണകാലത്ത് പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇനി സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് പറയരുതെന്നും മന്ത്രി പറഞ്ഞു. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന് വി.ഡി. സതീശനും കൂട്ടരും പറയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പ്രഖ്യാപനം വലിയ കാര്യമല്ലെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. കട്ടപ്പനയിലെ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങിയത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്നും ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയതും എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികളിൽ ക്ഷേമപെൻഷൻ 3000 രൂപയാക്കൽ, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, ഉമ്മൻചാണ്ടിയുടെ പേരിൽ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നു. ജനങ്ങൾക്ക് യു.ഡി.എഫിന്റെ പ്രഖ്യാപനങ്ങൾ നടപ്പാകില്ലെന്ന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.