ഗാസയില്‍ രഹസ്യമായി ആയുധങ്ങള്‍ വാരിക്കൂട്ടി ഹമാസ്; മറ്റു രാജ്യങ്ങളിലും ആയുധശേഖരം, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
As per The Times report, Hamas secretly stockpiling weapons in Gaza
ഗാസയില്‍ ഹമാസിന്റെ അവസ്ഥ എന്താണ്? ഗാസയില്‍ നിന്ന് പൂര്‍ണമായും ഹമാസിനെ തുടച്ചുനീക്കാന്‍ ഇസ്രയേലിന് സാധിച്ചോ? ഇത് സംബന്ധിച്ച് പ്രമുഖ മാധ്യമം ദി ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു.
പൂര്‍ണ്ണമായും ആയുധം വച്ച് കീഴടങ്ങാന്‍ യുഎസിന്റെ നേതൃത്വത്തില്‍ ഹമാസിനോട് ആവശ്യപ്പെട്ടിരിക്കുന്നു. അതിനിടെ, രഹസ്യമായി ഹമാസ് ആയുധങ്ങള്‍ ശേഖരിക്കുന്നതായി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് സീക്രട്ട്‌ലി സ്റ്റോക്ക് പൈലിംഗ് സിവിലിയന്‍ വെപ്പണ്‍സ് ഇന്‍ ഗാസ എന്ന തലക്കെട്ടോടെയാണ് ടൈംസ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുഎസ് നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ ഭാഗമായ നിരായുധീകരണം ഒഴിവാക്കാന്‍ ഹമാസ് ശ്രമിക്കുന്നതായി ഇസ്രായേല്‍ ആരോപിക്കുന്നു.
ആയുധം ഉപേക്ഷിക്കാന്‍ ഇസ്രയേല്‍ ഹമാസിന് 60 ദിവസം നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഈ സമയത്തിനുള്ളില്‍ നിരായുധീകരണത്തിന് ഹമാസ് വഴങ്ങിയില്ലെങ്കില്‍ ഗാസയില്‍ സൈനിക നടപടികളുമായി ഇസ്രയേല്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒരു മുതിര്‍ന്ന അഡൈ്വസര്‍ വ്യക്തമാക്കി.
റൈഫിളുകള്‍ കൈവശം വയ്ക്കാന്‍ ഹമാസിന് അനുമതി നല്‍കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, നിരായുധീകരണ പ്രക്രിയയുടെ ഭാഗമായി ഹമാസ് ചെറിയ ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കാബിനറ്റ് സെക്രട്ടറി യോസി ഫ്യൂച്ച്‌സ് എത്തിയത്.
സമ്പൂര്‍ണ്ണ നിരായുധീകരണത്തിന് ട്രംപ് ഭരണകൂടം ഹമാസിന് അറുപത് ദിവസം നല്‍കിയിട്ടുണ്ടെന്നും അതിനെ ഇസ്രയേല്‍ സര്‍ക്കാര്‍ ബഹുമാനിക്കുകയാണെന്നും ഫ്യൂച്ച്‌സ് പറഞ്ഞു.
60 ദിവസത്തെ കാലയളവ് എപ്പോള്‍ ആരംഭിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് ഫ്യൂച്ച്‌സ് വ്യക്തമാക്കി. പക്ഷേ, വ്യാഴാഴ്ചത്തെ ബോര്‍ഡ് ഒഫ് പീസ് കോണ്‍ഫറന്‍സോടെ സമയപരിധി ആരംഭിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സമയപരിധിക്കുള്ളില്‍ ഹമാസിന് റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആയുധങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എകെ-47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പൂര്‍ണ്ണമായും ഹമാസില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇസ്രയേലിലെ കെഎഎന്‍ ന്യൂസിനെ ഉദ്ധരിച്ച് ഒരു റിപ്പോര്‍ട്ട് കുറച്ചുനാള്‍ മുമ്പ് ജെറുസലേം പോസ്റ്റ് പുറത്തുവിട്ടിരുന്നു. ഹമാസ് രഹസ്യമായി ആയുധങ്ങള്‍ ശേഖരിക്കുന്നതായാണ് ഈ റിപ്പോര്‍ട്ടും പറയുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും യെമനിലും ഹമാസിനോട് അനുഭാവം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലും ഹമാസ് ആയുധങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കെഎഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായേലും ഹമാസും തമ്മില്‍ യുഎസ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കണം. സമ്പൂര്‍ണ്ണ നിരായുധീകരണമാണ് കരാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിനെ ഹമാസ് ലംഘിക്കുന്നതായാണ് കാന്‍ ന്യൂസിന്റെയും ഇപ്പോള്‍ ടൈംസിന്റെയും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.