തണുപ്പ്കാലത്തെ മുടികൊഴിച്ചിൽ ;നിയന്ത്രിക്കാം ശരിയായ പരിചരണത്തിലൂടെ

By :  Devina Das
Update: 2026-01-14 09:44 GMT

തണുപ്പുകാലത്ത് മുടികൊഴിച്ചിൽ അൽപം കൂടുതലാണെന്ന് തോന്നിയിട്ടില്ലേ? തണുപ്പ കാലാവസ്ഥ സ്കാൽപ്പിലെ സ്വാഭാവിക ഈർപ്പം കുറയ്ക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഈർപ്പം കുറയുന്നത് ശിരോച‍ർമം വരണ്ടതാകാനും മുടി പൊട്ടിപ്പോകാനും കാരണമാകുന്നു.

മുടികൊഴിച്ചിലിന് പിന്നിലെ കാരണം തിരിച്ചറിഞ്ഞ് പരിചരിച്ചാൽ മുടികൊഴിച്ചിൽ നിയന്ത്രിക്കാനാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

തണുപ്പു കാലാവസ്ഥയിൽ സ്കാൽപ്പ് വരണ്ടതാകുന്നതു കൊണ്ട് തന്നെ തലയിൽ താരൻ, ദുർബലമായ മുടി എന്നിവയ്ക്ക് കാരണമാകും.

കൂടാതെ മുടിയിൽ ഹീറ്റ് ട്രീറ്റ്മെന്റുകൾ ചെയ്യുന്നതും സ്കാൽപ്പിലെ ഈർപ്പം കുറയ്ക്കും.

മാത്രമല്ല, തണുത്തകാലാവസ്ഥയിൽ സൂര്യപ്രകാശമേൽക്കുന്നതു കുറവായതു കൊണ്ടുതന്നെ ആരോ​ഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായി വിറ്റാമിൻ ഡി ലഭ്യമാകില്ല.

ശൈത്യകാലത്ത് ആളുകൾ വെള്ളം കുടിക്കുന്നത് കുറയുന്നതും മറ്റൊരു കാരണമാണ്.

പ്രോട്ടീനുകൾ, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളുടെ കുറവു മൂലവും മുടിയുടെ വളർച്ച തടസപ്പെടാം.

എങ്ങനെ തടയാം

സ്കാൽപ്പിൽ ആഴ്ചയിൽ രണ്ട് തവണ ഓയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും സഹായിക്കും.

കഠിനമായ കെമിക്കൽ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നത് മുടിയെ കൂടുതൽ വരണ്ടതാക്കും. മുടിയുടെ ക്യൂട്ടിക്കിളിനെ സംരക്ഷിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്ന അനുയോജ്യമായ മോയ്സ്ചറൈസിങ് ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക.

ഓരോ തവണ മുടി കഴുകിയതിന് ശേഷവും കണ്ടീഷണർ ഉപയോഗിക്കുക. ആഴ്ചയിൽ ഒരിക്കൽ ഡീപ് കണ്ടീഷണർ മാസ്‌കുകൾ ഉപയോഗിക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാനും മൃദുത്വം പുനഃസ്ഥാപിക്കാനും സഹായിക്കും.

തലയോട്ടിയിൽ നിന്ന് അവശ്യ എണ്ണകൾ നഷ്ടമാകാതിരിക്കാൻ മിതമായ ചൂടുവെള്ളം ഉപയോഗിക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കുകയും പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ, ഇലക്കറികൾ, നട്‌സ്, വിത്തുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ബ്ലോ ഡ്രയറുകളുടെയും സ്‌റ്റൈലിങ് ഉപകരണങ്ങളുടെയും ഉപയോഗം കുറയ്ക്കുക. സ്‌റ്റൈൽ ചെയ്യുമ്പോൾ എപ്പോഴും ഹീറ്റ് പ്രൊട്ടക്ടന്റ് ഉപയോഗിക്കുക.

സ്‌കാർഫുകളോ തൊപ്പികളോ ഉപയോഗിച്ച് മുടി മൂടുക.

ഇത് ഘർഷണവും തണുത്ത കാറ്റും കുറയ്ക്കാൻ സഹായിക്കും.

സമ്മർദം നിയന്ത്രിക്കുക, ആവശ്യത്തിന് ഉറങ്ങുക, ശാരീരികമായി സജീവമായിരിക്കുക, ഇത് മുടിയുടെയും സ്കാൽപ്പ് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും.

Similar News