പാമ്പുകളെ സൂക്ഷിക്കുക ;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുൻകരുതലുകൾ
വീടും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽനിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കുക.
ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്‌കരിക്കുക. വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ എലികളെ ആകർഷിക്കും. എലിയുടെ സാന്നിധ്യം പാമ്പുകളെ നമുക്കടുത്തേക്കെത്തിക്കും.
കെട്ടിടത്തിനു മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ നീക്കം ചെയ്യണം. ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധം വള്ളിച്ചെടികൾ വെട്ടിനിർത്തണം.
ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം. തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾ കെട്ടിടത്തിലേക്കു പ്രവേശിക്കാം.
വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾ കടക്കാത്തെ ശ്രദ്ധിക്കണം.
രാത്രിയിൽ വെളിച്ചമില്ലാതെ സഞ്ചരിക്കുന്നത് ഒഴിവാക്കണം.
വീടിന് പുറത്തുവെച്ച ഷൂ, ചെരിപ്പ്, ഹെൽമറ്റ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ
പാമ്പുകളോ മറ്റു ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
പാമ്പു കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ
പാമ്പുകടിയേറ്റാൽ വിഷമുള്ള പാമ്പാണോ, അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. . വിഷപ്പാമ്പുകൾ കടിച്ചാൽ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങൾ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകൾ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കിൽ കടിച്ച ഭാഗത്ത് വിഷം കലർന്നിട്ടുണ്ടെങ്കിൽ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും...പാമ്പിന്റെ ഇനം, ഉള്ളിൽ കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.
പാമ്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്
പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്.കടിയേറ്റവർ ഭയന്ന് ഓടരുത്.വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാൻ ഇതു കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക. എത്രയും വേഗം ആന്റി സ്‌നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.
രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കും.അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്..
നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ആമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.......
വ്യാജചികിത്സയെ സൂക്ഷിക്കുക
കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്.അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകളിൽ അഞ്ച് തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർഥംം . മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല.ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്.കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല..
ശരിയായചികിത്സ..
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിരർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർ്മ്മിക്കുന്നത്.മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർ്ഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർ്തിവരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.പാമ്പിൻ വിഷം ഏറ്റാൽ ചികിത്സയ്ക്കായി കാസർകോട് ജനറൽ ആശുപത്രി,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവയെ സമീപിക്കുക.. ആന്റി വെനം ഇല്ലാത്ത ആശുപത്രികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രഥമശുശ്രൂഷയുടെ ലക്ഷ്യം
ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്തിരിക്കണം. കടിയേറ്റ സ്ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്തം ഞെക്കിക്കളയുക. എന്നാൽ മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ചിലർ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതൽ രക്ത നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു.
'ടൂർണിക്കെ' എന്ന പേരിലാണ് ഫസ്റ്റ് എയ്ഡ് അറിയപ്പെടുന്നത്. കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി കെട്ടുന്നതാണിത്. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയിൽ ചെറിയ ഇടം ഇല്ലെങ്കിൽ രക്തസ്രവം നിലയ്ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിർത്തുകയുമരുത്.
കുടിക്കാൻ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകുക. മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കണം. ഒരു കാരണവശാലും ആൽക്കഹോൾ പാടില്ല. ചിലർ മൂത്രം വിഷമിറങ്ങാൻ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. അത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്.
യഥാസമയം ചികിൽസ പ്രധാനം
യഥാസമയം ചികിൽസ കിട്ടാത്തതാണു പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്നു ഡോക്ടർമാർ പറയുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രതിവിഷം നൽകാൻ സാധിച്ചാൽ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും. ആയുർവേദ ചികിൽസാ രീതി അനുസരിച്ചു പാമ്പുകടിയേറ്റാൽ ഉടൻ തന്നെ അഗതങ്ങൾ എന്നറിയപ്പെടുന്ന പ്രതിവിഷം ഉപയോഗിക്കുകയാണു ചെയ്യുക. ഇവ ശരീരത്തിലുള്ള വിഷത്തെ നിർവീര്യമാക്കുന്നു.
കടിയേറ്റാൽ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നൽകിയിരിക്കണം. ശരീരത്തിലെ വിഷത്തിന്റെ അളവിനനുസരിച്ചു നൽകുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. 20 മില്ലി ലിറ്റർ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആൾക്കു കുത്തിവയ്ക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങൾ നിലനിൽക്കുന്നുവെങ്കിൽ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും പ്രതിവിഷം നൽകും. ഇതു കൊണ്ടും കുറവുണ്ടാകുന്നില്ലെങ്കിൽ വിഷബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും വരെ ആറു മണിക്കൂർ ഇടവിട്ടു തുടർച്ചായി പ്രതിവിഷം നൽകുന്നു.
പാമ്പിൻവിഷം
ഇന്ത്യയിൽ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളിൽ വളരെക്കുറച്ചെണ്ണത്തിന് മാത്രമേ വിഷമുള്ളൂ. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി (റസൽസ് വൈപ്പർ), ചുരുട്ടമണ്ഡലി (സോ സ്‌കെയിൽഡ് വൈപ്പർ) എന്നീ നാലുതരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. എന്നാൽ ഇവയെപ്പോലെ തോന്നുന്ന മറ്റുചില പാമ്പുകളുമുണ്ട്.
വിവിധതരം രാസവസ്തുക്കളുടെ ഒരു സങ്കീർണമിശ്രിതമാണ് വിഷം. രക്തത്തെ ബാധിക്കുന്ന വിഷം (ഹീമോടോക്സിൻ), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (ന്യൂറോടോക്സിൻ) എന്നിവയാണ് പ്രധാനതരം വിഷങ്ങൾ. പേശികളെയും (മയോടോക്സിൻ) ഹൃദയത്തെയും (കാർഡിയോടോക്സിൻ) ബാധിക്കുന്ന വിഷങ്ങളുമുണ്ട്. വിഷപ്പാമ്പിന്റെ കണ്ണിനു പിറകിലായാണ് ഉമിനീർഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതിചെയ്യുന്നത്.
എഎസ് വി
പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവെച്ച് വിഷത്തിനെതിരേയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽനിന്ന് വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ആന്റി സ്നേക്ക് വെനം-എഎസ്വി നിർമിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരേ പ്രവർത്തിക്കുമെന്നതിനാൽ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് മരുന്നിനെ വിളിക്കുന്നത്.