വളരെ ലളിതമായ ഭക്ഷണരീതി ;ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫിറ്റ്നസ് സീക്രട്ട്
41 വയസ്സാണെങ്കിലും പ്രായത്തെ തോൽപ്പിക്കുന്ന മെയ്വഴക്കവും വേഗതയും കൊണ്ട് ഫുട്ബോൾ ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ച വെയ്ക്കുന്നത് . ഓരോ തവണയും മൈതാനത്ത് കാൽപന്തിൽ മാന്ത്രികം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് റൊണാൾഡോയുടെ മുൻ വ്യക്തിഗത ഷെഫ് ജോർജിയോ ബറോൺ. അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തിൽ അത്ഭുതകരമായ വിഭവങ്ങളൊന്നുമില്ല, മറിച്ച് വളരെ ലളിതമായ ഭക്ഷണരീതിയാണ് അദ്ദേഹം പിന്തുടരുന്നതെന്ന് ജോർജിയോ ബറോൺ പറയുന്നു. ലളിതവും അച്ചടക്കവുമുള്ള ഭക്ഷണക്രമമാണ് അദ്ദേഹത്തിന്റേത്. അവോക്കാഡോ, മുട്ട, പച്ചക്കറികൾ, ചിക്കൻ, മത്സ്യം പോലുള്ള ലീൻ പ്രോട്ടീനുകളാണ് പ്രധാനം. ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം ബ്ലാക്ക് അല്ലെങ്കിൽ റെഡ് റൈസ് ആണ് കഴിക്കുന്നത്. ഒരു ദിവസം ആറ് തവണയായി ചെറിയ അളവിലാണ് റൊണാൾഡോ ഭക്ഷണം കഴിക്കുക.
റൊണാൾഡോയുടെ ബോഡി ഫാറ്റിന്റെ അളവ് ഏഴ് ശതമാനത്തിൽ താഴെ മാത്രം. സാധാരണഗതിയിൽ അത്‌ലറ്റുകൾക്ക് പ്രായം കൂടുന്തോറും പേശികൾക്ക് ബലക്കുറവ് സംഭവിക്കാറുണ്ട്. എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ ഇതുവരെ ഇത് സംഭവിച്ചിട്ടില്ല. കഠിനമായ സ്‌ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എൻഡുറൻസ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളുമാണ് റൊണാൾഡോയുടെ ആരോഗ്യ രഹസ്യം.
പഞ്ചസാര ഒഴിവാക്കി
വൈറ്റ് ഷുഗർ ഡയറ്റിൽ നിന്ന് പൂർണമായും ഒഴിവാക്കി. സംസ്കരിച്ച ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ വിഭവങ്ങൾ എന്നിവയും താരം ഒഴിവാക്കി. അതുപോലെ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ല. അത്താഴം വളരെ സിംപിൾ ആയിരിക്കും, അത് നേരത്തെ കഴിക്കുകയും ചെയ്യുമെന്ന് ബറോൺ പറയുന്നു.
ഉറക്കം
കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും അദ്ദേഹം ശ്രമിക്കാറുണ്ട്. രാത്രി വൈകി ഗെയിമുകളിലോ ഉറക്കം കളയുന്നതോ ആയ ഒരു വിനോദത്തിലും അദ്ദേഹം ഏർപ്പെടാറില്ല. റൊണാൾഡോയുടെ വിജയത്തിന്റെ 60 ശതമാനം ഭക്ഷണക്രമവും 40 ശതമാനം കഠിനമായ പരിശീലനവുമാണെന്ന് ബറോൺ പറയുന്നു. ഓരോ ദിവസവും തന്റെ ലക്ഷ്യത്തിനായി മാറ്റമില്ലാതെ അധ്വാനിക്കുന്ന ആ അച്ചടക്കമാണ് 41-ാം വയസിലും അദ്ദേഹത്തെ ലോകത്തെ മികച്ച കായികതാരങ്ങളിൽ ഒരാളായി നിലനിർത്തുന്നത്.