മാമ്പഴം കിലോയ്ക്ക് മൂന്നു ലക്ഷം രൂപ;തോട്ടത്തിന് കാവലിരുന്ന് ഉടമ

By :  Devina Das
Update: 2026-06-01 10:46 GMT

ലോകത്തിലെ വില കൂടിയ മാങ്ങയെന്നറിയപ്പെടുന്ന അപൂർവ ജാപ്പനീസ് മിയാസാക്കി മാമ്പഴം വിജയകരമായി വളർത്തിയെടുത്ത് ശ്രദ്ധ നേടുകയാണ് ഒഡീഷയിലെ മൽക്കൻഗിരി സ്വദേശിയായ ദേബാ പധിയാമി എന്ന കർഷകൻ. കിലോഗ്രാമിന് വിപണിയിൽ ഏകദേശം 3 ലക്ഷം രൂപ വരെ വില വരും മാമ്പഴത്തിന്.എന്നാൽ ഇപ്പോൾ കർഷകന് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. സംഭവം നാട്ടിൽ വലിയ വാർത്തയായതോടെ മാമ്പഴം മോഷണം പോകുമോ എന്ന പേടിയിലാണ് കർഷകൻ .

ഇപ്പോൾ രാത്രി മുഴുവൻ ഉറക്കമിളച്ച് മാവിൻ ചുവട്ടിൽ ടോർച്ചും അടിച്ച് കാവലിരിക്കുകയാണ് ദേബ.ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു സോഷ്യൽ വർക്കർ ദേബയ്ക്ക് സമ്മാനിച്ച ഒരു ചെറിയ മാവിൻതൈ ആയിരുന്നു ഇത്. ഒഡീഷയിലെ കടുത്ത ചൂടിനെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നാല് വർഷത്തോളം പരിപാലിച്ചാണ് ഒടുവിലാണ് മാവ് കായ്ച്ചത്. സാധാരണ മാമ്പഴങ്ങൾ പോലെയല്ല, പഴുക്കുമ്പോൾ കടും ചുവപ്പ് നിറമാകുന്ന ഈ മാമ്പഴങ്ങൾ കാണാൻ തന്നെ വ്യത്യസ്തരാണ്.

ലക്ഷങ്ങൾ വിലമതിക്കുന്ന മാമ്പഴം കയ്യിലുണ്ടെങ്കിലും ഇത് എവിടെ കൊണ്ടുപോയി വിൽക്കുമെന്ന കാര്യത്തിലും കർഷകന് ഒരു പിടിയുമില്ല. സാധാരണയായി വൻകിട ഫൈവ് സ്റ്റാർ ഹോട്ടലുകളും വിദേശ കയറ്റുമതിക്കാരുമാണ് ഈ ആഡംബര പഴങ്ങൾ വാങ്ങാറുള്ളത്.

ശരിയായ വിപണി കണ്ടെത്താൻ സർക്കാർ അധികൃതർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ദേബ ഇപ്പോൾ.സാധാരണ മാമ്പഴങ്ങൾ മഞ്ഞയോ പച്ചയോ ആണെങ്കിൽ, മിയാസാക്കി മാമ്പഴങ്ങൾ നല്ല കടും ചുവപ്പ് നിറത്തിലുള്ളവയാണ്. ഒരു മാമ്പഴത്തിന് തന്നെ 350 ഗ്രാമിൽ കൂടുതൽ തൂക്കം വരും. സാധാരണ പഴങ്ങളേക്കാൾ 15 ശതമാനത്തിലധികം മധുരം ഇതിനുണ്ടാകും. ജപ്പാനിൽ കടുത്ത ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് ഇവ വിപണിയിലെത്തുന്നത്. അവിടെ ഇവയെ 'എഗ്ഗ്സ് ഓഫ് ദി സൺ' എന്നാണ് വിളിക്കുന്നത്.

Similar News