വീട്ടുകാർ അറിയാതെ യുവതി കിടപ്പുമുറിയിൽ പ്രസവിച്ചു ; കുഞ്ഞിന്റെ മൃതദേഹം കട്ടിലിനടിയില്‍
തിരുവനന്തപുരം: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. കട്ടിലിനടിയിൽ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമീന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.ജോലി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ ഷമീനയുടെ ഭർത്താവാണ് കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിൽ അവശയായി കിടക്കുന്ന ഭാര്യയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കട്ടിലിനടിയിൽ കുഞ്ഞിനെ കണ്ടെത്തിയത്.തുടർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുമ്പാണ് അൽത്താഫിന്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവർക്ക് രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. എന്നാൽ രണ്ടാമത് ഷമീന ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.