മകന്റെ രോഗശമനത്തിനായി പതിമൂന്ന്കാരിയായ മകളെ ബലി നൽകി ;അമ്മയും മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

By :  Devina Das
Update: 2026-04-02 06:49 GMT

റാഞ്ചി: മകന്റെ രോഗശമനത്തിനായി ഝാർഖണ്ഡിൽ പതിമൂന്ന് വയസുകാരിയെ ബലി നൽകി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കൾ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്.

ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദർശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കിൽ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടർന്ന് മാർച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടിൽ വെച്ച് അമ്മയും ഭീം റാമും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.പൂജയുടെ ഭാഗമായി പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും, രക്തം ശേഖരിക്കാനായി ഭീം റാം പെൺകുട്ടിയുടെ തലയിൽ മാരകമായി പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രതികൾ പെൺകുട്ടിയുടെ മൃതദേഹം ഒരു തോട്ടത്തിൽ കുഴിച്ചിട്ടു. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് പരിശോധനയിലോ ഇത് സ്ഥിരീകരിക്കാനായില്ല. മകളെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു രശ്മി ദേവി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പിറ്റേദിവസം ഗ്രാമത്തിലെ ഒരു പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയായ ഭീം റാമിനെതിരെ തന്റെ സഹോദരഭാര്യയെയും മറ്റൊരാളെയും കൊലപ്പെടുത്തിയ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Similar News